
ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പുതിയ സെഡാന്റെ പേര് പ്രഖ്യാപിച്ചു. പുതിയ സബ്കോംപാക്റ്റ് സെഡാന് 'ഓറ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പുതിയ മോഡലിന്റെ വിശദാംശങ്ങളൊന്നും ഹ്യുണ്ടായ് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.
ആധുനികത, യാത്രാസുഖം, സുരക്ഷ, സ്റ്റൈല്‍, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങള്‍ എന്നിവയുടെ മിശ്രണമായിരിക്കും ഓറയെന്ന് ഹ്യുണ്ടായ് അറിയിച്ചു. ഹ്യുണ്ടായ് ഓറയുടെ നിരവധി പ്രോട്ടോടൈപ്പുകള്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് ഇതിനുമുമ്പ് കണ്ടെത്തിയിരുന്നു.
ഗ്രാന്‍ഡ് ഐ10 നിയോസ് ഈ വര്‍ഷം ഓഗസ്റ്റ് 20 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോളിതാ എക്സെന്റ് മോഡലിന്റെ പുതിയ അവതാരമായി ഹ്യുണ്ടായ് ഓറ വരുന്നു. ഹ്യുണ്ടായ് ഓറ വരുന്നതോടെ ടാക്സി സെഗ്മെന്റില്‍ മാത്രമായിരിക്കും ഒരുപക്ഷേ ഹ്യുണ്ടായ് എക്സെന്റ് വില്‍ക്കുന്നത്.
ഹ്യുണ്ടായുടെ പുതിയ സെഡാന് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ പെട്രോള്‍ എന്ജിന് മാത്രമായിരിക്കുമോ, അതോ ഡീസല്‍ എന്ജിന് കൂടി നല്‍കുമോയെന്ന് കാത്തിരുന്ന് കാണണം.
ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപുകള്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ സഹിതം സ്മാര്‍ട്ട് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ഹ്യുണ്ടായ് ഓറയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.






