
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാനിടയായ കേസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു. കാമ്പസിനുള്ളില്‍ അന്വേഷണം നടത്തിയ ശേഷം ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഒമ്പതിനാണ് ഫാത്തിമയെ (19) ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സി. ഇ. ഈശ്വരമൂര്‍ത്തി, അസിസ്റ്റന്റ് കമ്മീഷണര്‍ പ്രഭാകരന്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യം പരിശോധിക്കുന്ന വിഭാഗത്തിലെ എ.ഡി.സി. എസ്. മെഗലിന എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. ഈശ്വരമൂര്‍ത്തിയും പ്രഭാകരനും മുന്‍പ് സി.ബി.ഐയില്‍ സേവനം ചെയ്തവരാണ്. കേസ് വളരെ വൈകാരികമായതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം അന്വേഷിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഫാത്തിമയെ ഡിപ്പാര്‍ട്ട്മെന്റിലെ ചില അധ്യാപകര്‍ ശല്യപ്പെടുത്തിയിരുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞിരുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ നീക്കം ചെയ്തതായും പിതാവ് ആരോപിച്ചിരുന്നു. തന്നെ ഉപദ്രവിച്ചിരുന്ന അധ്യാപകരുടെ പേരുകള്‍ മൊബൈല്‍ ഫോണില്‍ അവള് രേഖപ്പെടുത്തിയിരുന്നു. കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ.






