
ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി സുധാകരൻ. ആരോടും മന്ത്രിസ്ഥാനം ചോദിച്ചിട്ടില്ലെന്ന് നിയുക്ത എംഎല്‍എ ജി സുധാകരന്. മുന്‍പ് മന്ത്രി ആയപ്പോഴും അങ്ങനെ തന്നെ ആയിരുന്നെന്നും ആവശ്യപ്പെട്ടിട്ടല്ല തന്നെ മുന്‍പൊന്നും മന്ത്രി ആക്കിയതെന്നും ജി സുധാകരന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നൊന്നും എനിക്കറിയില്ല. എന്നോട് ആരും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ഞാന്‍ ആ കമ്മിറ്റിയിലല്ലല്ലോ. രണ്ട് തവണ മന്ത്രിയായപ്പോഴും ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല. തീരുമാനിച്ച് തരികയായിരുന്നു. അങ്ങനൊരു തീരുമാനം എടുക്കുകയാണെങ്കില്‍ സ്വീകരിക്കും. അതിനുളള നന്ദിയുമുണ്ടാകും. ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല' എന്നാണ് ജി സുധാകരന് പറഞ്ഞത്.
സിപിഐഎം ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആളുകളുടെ മനസിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്പോഴായാലും മനസിലുള്ള കാര്യങ്ങൾ ഒടുവിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നും താൻ കാര്യങ്ങൾ എപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.






