
ഹോണ്ട മോട്ടോർസൈക്കിൾസ് പുതിയ SP 125 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിപണിയിലെത്തുന്ന ഹോണ്ടയുടെ രണ്ടാമത്തെ ഉൽപ്പന്നമാണ് SP 125. 72,900 രൂപയാണ് ഹോണ്ട SP 125-ന്റെ പ്രാരംഭ വില. ഡ്രം, ഡിസ്ക് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഹോണ്ട SP 125 വിപണിയിലെത്തുന്നത്.
77,100 രൂപയാണ് ഉയർന്ന പതിപ്പായ SP 125-ന്റെ എക്സ്ഷോറൂം വില. 2019 സെപ്റ്റംബറിൽ ആക്ടിവ 125 ബിഎസ്-VI കമ്പനി ഇതിനു മുമ്പ് വിപണിയിൽ പുറത്തിറക്കിയിരുന്നു.
ഹോണ്ട SP 125-ന് 124 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 7,500 rpm-ൽ 10.7 bhp കരുത്തും 9,000 rpm-ൽ 10.9 Nm ടോർക്കും ആണ് ഉൽപാദിപ്പിക്കുന്നത്.
അഞ്ച് സ്പീഡ് ഗിയർബോക്സാണ് ബൈക്കിൽ. 130 mm ഡ്രം ബ്രേക്കുകളാണ് ബൈക്കിൽ. ഉയർന്ന വകഭേദത്തിന്റെ മുൻവശത്ത് 240 mm ഡിസ്ക്ക് ബ്രേക്കും സജ്ജീകരിച്ചിരിക്കുന്നു. 19 പേറ്റന്റ് ആപ്ലിക്കേഷനുകളുമായാണ് ഹോണ്ട SP 125 എത്തുന്നത്.
സ്ട്രൈക്കിംഗ് ഗ്രീൻ, ഇംപീരിയൽ റെഡ് മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിവ ഉൾപ്പെടുന്ന വ്യത്യസ്ത കളർ സ്കീമുകൾ ഉൾക്കൊള്ളുന്നതാണ് പുതിയ മോട്ടോർസൈക്കിൾ.
ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ശരാശരി മൈലേജ്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങൾ നൽകുന്ന ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ SP 125-ലെ മറ്റ് സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.
എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, ഇന്റഗ്രേറ്റഡ് ഹെഡ്ലാമ്പ് ബീം, എൽഇഡി ഹെഡ്ലാമ്പുകൾ, പാസിംഗ് സ്വിച്ച്, സ്പോർട്ടി അലോയ് വീലുകൾ, ക്രോം എക്സ്ഹോസ്റ്റ് മഫ്ലർ കവർ എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാകും.







Comments