
1980 നവംബര്‍ 16... അഭിനയ കലയുടെ ഉദയസൂര്യന് അസ്തമിച്ച ദിവസം.ആ മരണത്തില്‍ അന്ന് പ്രകൃതി പോലും കണ്ണീര് പൊഴിച്ചു. ജയന് സിനിമേയും സിനിമ ജയനേയും വളരെയധികം സ്നേഹിച്ചിരുന്നു. വേഷത്തിലും ഭാവത്തിലും ജയനെ പോലെ മലയാളികളെ സ്വാധീനിത്ത മറ്റൊരു നടനുണ്ടാകില്ല. 70 കളുടെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന്.
1939 ജൂലൈ 25 ന് കൊല്ലം തേവള്ളിയില്‍ മാധവന് പിള്ളയുടേയും ഭാരതിയമ്മയുടേയും മൂത്ത മകനായി ആണ് കൃഷ്ണന് നായര്‍ ജനിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം , നീണ്ട 16 വര്‍ഷത്തെ സേവനത്തിനു ശേഷം, മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ ആയി വിരമിച്ചു. നേവിയിലെ സേവന കാലഘട്ടത്തില്‍ തന്നെ അഭിനയ മോഹം ഉള്ളില്‍ ഉണ്ടായിരുന്ന അദ്ദേഹം അവിടത്തെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു.
1939 ജൂലൈ 25 ന് കൊല്ലം തേവള്ളിയില്‍ മാധവന് പിള്ളയുടേയും ഭാരതിയമ്മയുടേയും മൂത്ത മകനായി ആണ് കൃഷ്ണന് നായര്‍ ജനിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം , നീണ്ട 16 വര്‍ഷത്തെ സേവനത്തിനു ശേഷം, മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ ആയി വിരമിച്ചു. നേവിയിലെ സേവന കാലഘട്ടത്തില്‍ തന്നെ അഭിനയ മോഹം ഉള്ളില്‍ ഉണ്ടായിരുന്ന അദ്ദേഹം അവിടത്തെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു.
നടന് ജോസ് പ്രകാശിന്റെ മകന് രാജന് ജോസഫിനോടുള്ള സൗഹൃദമാണ് കൃഷ്ണന് നായര്‍ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. 1974 ല്‍ പുറത്തിറങ്ങിയ ജെ . സി. സംവിധാനം ചെയ്ത, 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെയാണ് ജോസ് പ്രകാശ് നല്കിയ 'ജയന്' എന്ന പേര് സ്വീകരിച്ച അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറുന്നത്. 'ആദ്യത്തെ രാത്രിയെ' എന്ന് തുടങ്ങുന്ന ഗാനരംഗത്തില്‍ പാടി അഭിനയിച്ചുകൊണ്ട് ജയന് കടന്നു വന്നത് മലയാളികളുടെ മനസ്സിലേക്കായിരുന്നു.
സംവിധായകരുടെ ഇഷ്ട നടനായിരുന്നു ജയന്. കൃത്യനിഷ്ഠയും വിനയത്തോടെയുള്ള പെരുമാറ്റവും എല്ലാം അവരെ ജയനിലേക്കു കൂടുതല്‍ അടുപ്പിച്ചു.
ഐ. വി ശശി, ശ്രീകുമാരന്‍ തമ്പി , ഹരിഹരന് , ശശികുമാര്‍, ബേബി, അപ്പച്ചന്, ബോബന് കുഞ്ചാക്കോ, വിജയാനന്ദ് തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളില്‍ ജയന് വേഷമിട്ടു .
നിത്യഹരിത നായകന് പ്രേംനസീറിനൊപ്പം ജയന് പൂന്തേനരുവി, ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ, പിക്പോക്കറ്റ്, മല്ലനും മാതേവനും, കാമധേനു, അമൃതവാഹിനി, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ വേഷങ്ങളില്‍ തുടങ്ങി ,പ്രതിനായക വേഷത്തിലേക്ക് ചുവടു മാറ്റിയ ജയന്, പ്രേംനസീര്‍ നായകനായ ഹരിഹരന് ചിത്രം പഞ്ചമിയിലും ഐ.വി ശശി ചിത്രം അഞ്ജലിയിലും പ്രതിനായക വേഷത്തില്‍ അഭിനയിച്ചു. ഇതില്‍ പഞ്ചമിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 1977-1980 കാലഘട്ടങ്ങളിലെ വടക്കന്‍ പാട്ട് ചിത്രങ്ങളിലും പ്രേം നസീറിനോപ്പം സ്ഥിര സാന്നിധ്യമായിരുന്നു ജയന്.
ഉലകനായകന് കമല്‍ ഹാസനൊപ്പവും ജയന് കുറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. അതില്‍ മദനോത്സവത്തിലെ ജയകുമാര്‍ എന്ന ഡോക്ടറുടെ വേഷം ഏറെ ശ്രദ്ധ നേടി. 1979 ല്‍ പുറത്തിറങ്ങിയ ഹരിഹരന് ചിത്രം ശരപഞ്ജരം ആയിരുന്നു ജയന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്. ചിത്രത്തിലെ പ്രതിനായക സ്വഭാവമുള്ള ചന്ദ്രശേഖരന് എന്ന നായക വേഷം ജയന് എന്ന പ്രതിഭയുടെ കൈകളില്‍ ഭദ്രമായിരുന്നു.
അതിനു ശേഷം ജയന് എന്ന പടക്കുതിരയുടെ തേരോട്ടമായിരുന്നു മലയാള സിനിമയില്‍. സാഹസിക രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായം കൂടാതെ സ്വയം ചെയ്യുമായിരുന്നു എന്നതാണ് ജയന് എന്ന താരത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അസാമാന്യ പാടവം അദ്ദേഹത്തെ മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ എന്ന നിലയിലേക്കുയര്‍ത്തി.
1980 ല്‍ ആണ് ഐ. വി. ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന അത്ഭുത ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ തൊഴിലാളി നേതാവായ ബാബു എന്ന കഥാപാത്രം ജയന് പ്രേക്ഷകരുടെ കൈയടി നേടിക്കൊടുത്തു. 'we are not beggars' എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ഡയലോഗ് തീയേറ്ററുകളില്‍ ജനം ആഘോഷമാക്കി. അതൊരു തരംഗമായി ഇന്നും തുടരുന്നു.
കണ്ണിനും കാതിനും കുളിരേകുന്ന പാട്ടുകള്‍ ജയന് ചിത്രങ്ങളിലെ സവിശേഷതയായിരുന്നു. ആ ഗാനങ്ങളിലൂടെ പ്രണയവും, വിരഹവും , ശോകവും, ഹാസ്യവുമെല്ലാം ആ കണ്ണുകളില്‍ മിന്നി മറയുന്നത് മലയാളി പലതവണ കണ്ടതാണ്.ഷീല, സീമ, ജയഭാരതി, ശ്രീവിദ്യ, വിധുബാല തുടങ്ങിയ മുന്‍നിര നായികമാര്‍ക്കൊപ്പവും ജയന് അഭിനയിച്ചു. ഇതില്‍, ജയന്-സീമ താരജോഡി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. ആവേശം, ശക്തി, മനുഷ്യമൃഗം തുടങ്ങിയ ചിത്രങ്ങളില്‍ ഇരട്ട വേഷത്തില്‍ എത്തി അതിശയിപ്പിച്ചു അദ്ദേഹം.
വെറും 6 വര്‍ഷം കൊണ്ട്, പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രം ഉള്‍പ്പെടെ 116 സിനിമകളിലാണ് ജയന് നിറഞ്ഞാടിയത്. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആ ജീവന് പൊലിയുമ്പോള്‍ വെറും 41വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഇനിയും എത്രയോ വേഷങ്ങള്‍ അദ്ദേഹം തന്റെ ആരാധകര്‍ക്കായി കരുതി വച്ചിരുന്നു... പക്ഷേ വിധി അദ്ദേഹത്തെ ചമയങ്ങളില്ലാത്ത ലോകത്തേക്ക് കൂട്ടികൊണ്ടു പോയി... എന്നാല്‍ മരണശേഷവും അദ്ദേഹത്തിന്റെ ആരാധകര്‍ വര്‍ധിച്ചു വരുന്നു എന്നത് മറ്റൊരു സത്യം..
വാസ്തവം പറഞ്ഞാല്‍ മരണശേഷം ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരവും ഇല്ല ..ഇന്ന് വരെ ജയന്റെ സ്ഥാനം മറ്റാര്‍ക്കും കീഴടക്കാനും കഴിഞ്ഞിട്ടില്ല.. ആ താരസിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.ശാപമോക്ഷത്തില്‍ തുടങ്ങി കോളിളക്കത്തില്‍ അവസാനിച്ച ആ അതുല്യ പ്രതിഭയുടെ ജീവിതം എന്നും എല്ലാവര്ക്കും ഒരു വിസ്മയമാണ്. മരണ ശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ തീയറ്ററിലെത്തി. 1983ല്‍ തീയറ്ററിലെത്തിയ അഹങ്കാരമാണ് ജയന്റേതായി അവസാനം തീയറ്ററിലെത്തിയത്.







Comments