ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന് സുദര്ശന് പദ്മനാഭന് ഐ.ഐ.ടി വിട്ടുപോകരുതെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്കി. സുദര്‍ശനാണ് തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ തന്റെ ഫോണില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതിനിടെ ഫാത്തിമയുടെ മരണം അന്വേഷിക്കുന്ന സംഘം പിതാവിന്റെ മൊഴി രേഖപ്പെടുത്തി. നോര്‍ക്ക ഓഫീസില്‍ എത്തിയാണ് ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴിയെടുത്തത്. സുദര്ശന് ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്കെതിരായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തിന് കൈമാറി.
മരണത്തിന് മുമ്പുള്ള 28 ദിവസങ്ങളില്‍ ഫാത്തിമ തന്റെ ഗാലക്സി നോട്ടില്‍ കുറിപ്പുകള്‍ എഴുതിയിരുന്നു. 28 പേജ് വരുന്ന ഈ കുറിപ്പുകളും ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങള്‍ തെളിവായി പരിഗണിക്കണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടു.






