ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന് സുദര്ശന് പദ്മനാഭനെതിരെ മുന്‍ വിദ്യാര്‍ത്ഥി അഭിജിത് തമ്പി. സുദര്ശന് പദ്മനാഭന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അസഹിഷ്ണുതയോടെ പെരുമാറുന്നത് ഇത് ആദ്യമായല്ലെന്ന് അഭിജിത് വെളിപ്പെടുത്തുന്നു. സുദര്ശന് പദ്മനാഭന് പഠിപ്പിക്കുന്ന ഹ്യുമാസിറ്റീസ് ഡിപ്പാര്‍ട്ട്മെന്റില്‍ അഞ്ച് വര്‍ഷ ബി.എ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്. ഇക്കാലയളവില്‍ സുദര്ശന് പദ്മനാഭന് ദ്രോഹിച്ചിട്ടുണ്ടെന്ന് അഭിജിത്ത് വെളിപ്പെടുത്തി.
മദ്രാസ് ഐ.ഐ.ടിയില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന് തന്നെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്. അഭിജിത്ത്. മിക്ക വിദ്യാര്‍ത്ഥികളും സ്കൂള്‍ ടോപ്പറൊക്കെ ആയാണ് ഐ.ഐ.ടിയില്‍ എത്തുന്നത്. എന്നാല്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ അധ്യാപകരിടുന്ന മാര്‍ക്ക് കണ്ട് ഞെട്ടും. അന്ന് മുതല്‍ കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ട് തുടങ്ങും. അതുമതല് കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ട് തുടങ്ങും. ആ ബുദ്ധിമുട്ട് താങ്ങാന്‍ സാധിക്കാതെ ആയിരിക്കും ഫാത്തിമ ജീവനൊടുക്കിയതെന്നും അഭിജിത്ത് പറഞ്ഞു.
താരമരഭരണി ഹോസ്റ്റലിലാണ് താന്‍ താമസിച്ചിരുന്നത്. ചേര്‍ന്ന വര്‍ഷം മുതല്‍ 2015 വരെ അവിടെ മൂന്ന് ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. പല ആത്മഹത്യകളും വിദ്യാര്‍ത്ഥികള്‍ പോലും അറിയാതെ അധികൃതര്‍ മറയ്ക്കുകയാണ്. കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വ്യക്തിയുടെ പ്രശ്നം കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നാണ് ഇവര്‍ പറയുന്നത്. വലിയ സ്ട്രഗിള്‍ ചെയ്താണ് അവിടെ പിടിച്ചുനിന്നതെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.
രണ്ടാം സെമസ്റ്ററിലാണ് സുദര്ശന് ആദ്യമായി പഠിപ്പിക്കാന്‍ എത്തുന്നത്. സ്വയം പുകഴ്ത്തി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. 2014ല്‍ ഒന്‍പതാം സെമസ്റ്ററിലാണ് പ്രശ്നമുണ്ടാകുന്നത്. ഡെമോക്രസി എന്ന കോഴ്സായിരുന്നു സുദര്ശന് പഠിപ്പിക്കാനെത്തിയത്. ആ കോഴ്സില്‍ ഒരു പേപ്പര്‍ എനിക്ക് സമര്‍പ്പിക്കാനായില്ല. എന്നാല്‍ പ്രസന്റേഷന് അവതരിപ്പിക്കുകയും റിട്ടേണ്‍ ടെസ്റ്റ് എഴുതുകയും ചെയ്തു. എന്നാല്‍ ഫൈനല്‍ ഗ്രേഡ് വന്നപ്പോള്‍ ഐ എന്ന ഗ്രേഡാണ് സുദര്ശന് നല്‍കിയത്. ഐ എന്നാല്‍ ഇന്‍കംപ്ലീറ്റ് എന്നാണ്.
തോല്പ്പിച്ചതുമില്ല, ജയിപ്പിച്ചതുമില്ല. തോല്‍പ്പിച്ചിരുന്നെങ്കില്‍ മറ്റൊരു കോഴ്സ് ജയിക്കാമായിരുന്നു. മറ്റ് പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കുണ്ടായിരുന്നു. പ്രസന്റേഷന് എല്ലാം നന്നായി അവതരിപ്പിക്കുകയും ചെയ്തു. തോല്‍പ്പിച്ചാല്‍ കുഴപ്പമില്ലെന്ന് സുദര്ശന് പദ്മനാഭനോട് പറഞ്ഞുവെങ്കിലും അത് ചെയ്തില്ല. കാണാന്‍ ശ്രമിക്കുമ്പോഴെല്ലാം അദ്ദേഹം അവിടെ നിന്ന് മാറിക്കൊണ്ടിരുന്നു. നാല് മണിക്ക് ചെല്ലുമ്പോള്‍ അഞ്ച് മണിക്ക് ഓഫീസില്‍ എത്താന്‍ പറയും. എപ്പോഴൊക്കെ കാണാന്‍ ശ്രമിച്ചാലും ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.
മറ്റ് വിദ്യാര്‍ത്ഥികളെല്ലാം പാസ് ഔട്ടായി പോയിട്ടും തനിക്ക് ക്യാമ്പസില്‍ കഴിയേണ്ടി വന്നു. ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഹോസ്റ്റലില്‍ കഴിഞ്ഞു. എല്ലാ ദിവസവും സാറിനെ കാണാന്‍ പോകുമെങ്കിലും കാണാനാകാതെ മടങ്ങും. സുദര്ശന് പദ്മനാഭന് ജാതീയ ചിന്തയുള്ള ആളാണെന്നും ദളിത് വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരോട് പോലും ഇതേ സമീപനമാണെന്നും ഒരു പ്രൊഫസര്‍ പറഞ്ഞു. എന്റെ ജാതിയാണ് പ്രശ്നമെന്ന് അപ്പോഴാണ് മനസിലായത്. അങ്ങനെയൊന്നും രക്ഷപെടേണ്ട എന്ന ഉദ്ധേശത്തിലാണ് ഐ ഗ്രേഡ് തന്നത്.
ജാതി ചിന്ത വച്ചുതന്നെയാണ് ഉപദ്രവിക്കുന്നതെന്ന് കേരളത്തിലെ മിഡില്‍ €ാസ് ഫാമിലിയില്‍ നിന്ന് ചെന്ന എനിക്ക് ആദ്യം മനസ്സിലായില്ല. പക്ഷേ പിന്നീട് അത് ബോധ്യമായി. പിന്നീട് അമ്മ ഇടപെട്ട് ഐ.ഐ.ടി അധികൃതരുമായി ബന്ധപ്പെട്ട് ഐ ഗ്രേഡ് മാറ്റി ഇ ഗ്രേഡ് നല്കി സര്‍ട്ടിഫിക്കറ്റ് അയച്ചുതരികയായിരുന്നെന്നും അഭിജിത്ത് പറഞ്ഞു. റിട്ടയേര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് കോളീജിയറ്റ് എഡ്യൂക്കേഷന്‍ ഡോ. പി.എസ് അജിതയുടെ മകനാണ് അഭിജിത്ത്.






