ശബരിമല: നിലപാടില്‍ അണുവിട പിന്നോട്ടില്ല, എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും വിശ്വാസത്തേക്കാളും വലുതായിട്ടുള്ളത് ഭയമാണ്.. വേദനിപ്പിച്ചത് കുഞ്ഞുങ്ങളെ അകറ്റിയത് മാത്രം; കനകദുര്‍ഗ തുറന്നു പറയുന്നു
ശബരിമല: നിലപാടില്‍ അണുവിട പിന്നോട്ടില്ല, എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും വിശ്വാസത്തേക്കാളും വലുതായിട്ടുള്ളത് ഭയമാണ്.. വേദനിപ്പിച്ചത് കുഞ്ഞുങ്ങളെ അകറ്റിയത് മാത്രം; കനകദുര്‍ഗ തുറന്നു പറയുന്നു
Authored by വി.പി.നിസാര്‍ | Last updated: 22 Nov 2019, 10:00 PM | 10 min read
ഞാന്‍ ആരുടേയും ഉപകരണം ആയിട്ടല്ല ശബരിമല കയറിയത്. അതുകൊണ്ട്തന്നെ ഞാന്‍ ഇപ്പോഴും എന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്നു. നിലപാടില്‍ അണുവിട പിന്നോട്ടില്ല, തന്നെ വേദനിപ്പിച്ചത് കുഞ്ഞുങ്ങളെ തന്നില്‍നിന്നും അകറ്റിയത് മാത്രമാണെന്നും മറ്റൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും കനകദുര്‍ഗ പറയുന്നു. മാര്‍ച്ച് 28നാണ് അവസാനമായി മക്കളെ കണ്ടത്. അതിനുശേഷം കാണാന്‍ പറ്റിയിട്ടില്ല. തൃശൂരില്‍ ഒരു പ്രോഗ്രാമിന് പോയ സമയത്ത് അവിടെ ഞാന്‍ ആ ഹാളിലേക്ക് കയറുന്നത് തടയാന്‍വേണ്ടി നാമജപക്കാര്‍ അവിടെ കൂടുകയും എന്നെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ അവര്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. പക്ഷെ പോലീസുവന്ന് ലാത്തിവീശി അവരെ ഒഴിവാക്കി. പക്ഷെ ഇങ്ങിനെയുളള സംഭവങ്ങള്‍ ഒക്കെ ഉണ്ടായാലും ഞാന്‍ എന്റെ നിലപാടുകളില്‍നിന്നും അണുവിട പിന്നോട്ടില്ല. എന്റെ കാഴ്ച്ചപ്പാടുകളില്നിന്നും ഒരു ഇഞ്ചും ഞാന്‍ മാറുന്നില്ല. എനിക്ക് തോന്നുന്നത് എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും, വിശ്വാസത്തേക്കാളും എല്ലാംവലുതായിട്ടുള്ളത് ഭയമാണ്- കനകദുര്‍ഗ പറയുന്നു.
ശബരിമല കയറാനുണ്ടായ സാഹചര്യം ?
എന്റെ സ്കൂള്‍ പഠനകാലത്ത് ആറാം ക്ലാസുവരെ എന്റെ സുഹൃത്തുക്കളില്പലരും വൃശ്ചികമാസമായാല്‍ കറുത്ത പാവാടയും ജംബറും കഴുത്തില്‍ അയ്യപ്പന്റെ മാലയും ധരിച്ച് സ്കൂളില്‍ വരികയും, ശബരിമലയിലേക്കു പോകാനുള്ള ഒരുക്കങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുകയായിരുന്നു.
അതിരാവിലെ അച്ഛനോടൊപ്പം കുളിക്കാന്‍ പുഴയിലും കുളത്തിലും പോകുന്നത്, തുടര്‍ന്ന് അമ്പലങ്ങളില്‍ പോകുന്നത്, ഇങ്ങിനെയുള്ള നിറമുള്ള കഥകള്‍ കേള്ക്കുന്നിടത്തുനിന്നാണ് എന്റെ ശബരിമല ദര്‍ശനം എന്ന ആഗ്രഹം തുടങ്ങുന്നത്. എന്നാല്‍ എന്റെ വീട്ടില്‍ നിന്ന് ആരും തന്നെ ശബരിമലക്ക് പോകാത്തവര്‍ ആയതുകൊണ്ടുതന്നെ എനിക്ക് ഈആഗ്രഹം പറയാന്‍പോലും പേടിയായിരുന്നു. എന്റെ കൂട്ടുകാരികള്‍ ശബരിമലയില്‍ പോയി വന്നതിന് ശേഷം അപ്പം, അരവണ, നെയ്യ് തുടങ്ങിയവയെല്ലാം കൊണ്ടുതരുമായിരുന്നു. പല നിറമുള്ള മുത്തുകള്‍ കോര്‍ത്ത മാലകള്‍, മോതിരം എന്നിവയെല്ലാം കൂട്ടുകാരികള്‍ മാറി മാറി ധരിച്ചുവരുമ്പോള്‍ എന്നിലെ ബാലിക ഇവരെ അസൂയയോടെ നോക്കിനിന്നിട്ടുണ്ട്. കൂടെയുള്ളവര്‍ പോകാത്ത കാലമായപ്പോള്‍ അസൂയകാലവും ശബരിമല മോഹവും മാഞ്ഞ് തുടങ്ങി. പിന്നെ പിന്നെ ചിന്തിക്കാന്‍ തുടങ്ങി. എന്തുകൊണ്ടിപ്പോള്‍ കൂടെയുള്ളവര്‍ പോകുന്നില്ല?. അവരോടൊക്കെ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് വലിയ കുട്ടിയായി ഇനി പോകേണ്ടായെന്ന് അച്ഛന് പറഞ്ഞുവെന്നാണ്. എന്നാല്‍ ഞാന്‍ ആ ഉത്തരത്തില്‍ സംതൃപ്തയായിരുന്നില്ല. മണ്ഡലകാലമാകുമ്പോള്‍ ഒരു പ്രത്യേക സുഖമായിരുന്നു. അതിരാവിലെയുള്ള പാടവരമ്പിലൂടെയുള്ള യാത്രകള്‍, അതുപോലെ കറുപ്പുടുത്ത അയ്യപ്പ ഭക്തന്മാരുടെ അമ്പലങ്ങളില്പോക്കും, ഇതേ വസ്ത്രത്തില്‍ സ്കൂളുകളില്‍ വരുന്ന ആണ്സുഹൃത്തുക്കളെയുമെല്ലാം കാണുമ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു. കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്ത ഒരു സാഹചര്യമായിരുന്നു വീട്ടില്‍. ഇതിനാല്‍ ആഗ്രഹങ്ങള്‍ പറയാതെ ഇതെല്ലാം ഞാന്‍ മനസ്സിലൊതുക്കി.
ആചാരങ്ങളില്‍ വിശ്വാസമില്ലേ ?
വലിയ ജേഷ്ഠത്തിയുടെ കല്യാണം കഴിഞ്ഞ് മണ്ഡലകാലം വന്നതിന് ശേഷം മറ്റൊരു ലോകത്തിലേക്കെത്തി. ചേച്ചിയെ വിവാഹം ചെയ്തയച്ച വീട്ടിലെ പുരുഷന്മാരെല്ലാം മണ്ഡലകാലമായാല്‍ മാലയിടുന്നവരായിരുന്നു. അങ്ങിനെ അവരുടെ തറവാട്ടില്‍ നടത്തുന്ന ഭജനക്കും കെട്ടുംനിറയ്ക്കുമെല്ലാം ഞാനും പോകാന്‍ തുടങ്ങി. ചേച്ചിയുടെ ഭര്‍ത്താവ് വ്രതനിഷ്ഠയുള്ള ഒരു അയ്യപ്പ വിശ്വാസിയാണ്. ഞാനും വളരെ ഭക്തിപൂര്‍വമാണ് ഭജനകളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ വലുതാകുംതോറും ഭക്തിയാകാമെങ്കിലും ദൈവത്തെ ഭയക്കേണ്ടതല്ലെന്ന് എന്റെ ഉള്ളില്‍നിന്നും ആരോ പറയുന്നത് പോലെ തോന്നി. ഒട്ടുമിക്ക ആളുകളും ഭയപ്പാടോടെയാണ് ദൈവത്തെ കാണുന്നത്. അതിനാല്‍ ഭക്തികയറി ഭയപ്പാടോടെ ഓരോ ചിട്ടവട്ടങ്ങളും ആചാരങ്ങളും ശീലിക്കാനും ചെയ്തുപോരാനും നിര്‍ബന്ധിതരാകുകയാണ് മനുഷ്യര്‍. എനിക്ക് ദൈവത്തെ ഭയമില്ല. അതിനാല്‍ മനുഷ്യന് ഉണ്ടാക്കിവെക്കുന്ന ആചാരങ്ങളേയും ഭയമില്ല. ശബരിമല സ്ത്രീപ്രവേശനാനുമതി അറിഞ്ഞതോടെ അറിഞ്ഞതോടെ കുഞ്ഞുംനാളിലെ മനസ്സിലെ ആഗ്രഹം ഉണര്ന്നതോടൊപ്പം തന്നെ ഒരുപറ്റം ആളുകളുടെ സ്ത്രീ വിരുദ്ധ നിലപാടും മലകയറാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നതാണ് സത്യം.
ശബരിമല ദര്‍ശനം കഴിഞ്ഞ് ഒന്നര ആഴ്ച കഴിഞ്ഞാണ് ഞാന്‍ വീട്ടിലെത്തുന്നത്. കേരളത്തില്‍ ജനുവരി മൂന്നു മുതലുള്ള ഹര്‍ത്താലുകളും തുടര്‍ന്നുണ്ടായ അക്രമങ്ങളും കലാപങ്ങളും ഉണ്ടായപ്പോള്‍ സുരക്ഷയുടെ കാരണം പറഞ്ഞ് ചില സുഹൃത്തുക്കള്‍ ഞങ്ങളെ നാട്ടിലേക്ക് വിടാത്തതുകൊണ്ട് അവരുടെ വീട്ടില്‍ കഴിയേണ്ടിവന്നു. അതുകഴിഞ്ഞ് ജനുവരി 15ന് രാവിലെയാണ് ഞാന്‍ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ സമയത്ത് ഭര്‍ത്താവിന്റെ അമ്മമാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഞാന്‍ വീടിനകത്തെ ഹാളില്‍ കടന്നയുടന്‍ ശബ്ദംകേട്ട് ആരാണത് എന്ന് അമ്മ ചോദിച്ചു. ഞാനാണെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഈസമയത്ത് അടുക്കളയിലായിരുന്ന അമ്മ ഓടി വരികയും അസഭ്യംപറയുകയും ചെയ്തു. അനാവശ്യവാക്കുകള്‍ ഉപയോഗിച്ച് വഴക്ക് പറഞ്ഞ് രണ്ടുകയ്യുകൊണ്ടും എന്റെ മുതുകില്‍ നാലഞ്ച് അടി അടിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു അത് തീര്ന്നിട്ടുണ്ടായിരിക്കാം. ദേഷ്യം തീര്‍ന്നോട്ടെ എന്ന് കരുതി ഞാന്‍ പ്രതിരിക്കാനോ, പറയാനോ ഒന്നുംപോയില്ല. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ അടുക്കളയില്‍പോയി ഒരു മീറ്റര്‍ നീളമുള്ള പട്ടിക എടുത്ത് കൊണ്ട് വന്ന് എന്റെ തലക്കും പുറത്തും 10-12 അടി അടിച്ചു. എനിക്ക് തടുക്കാന്‍പോലും കഴിയാത്ത സ്പീഡിയിലായിരുന്നു അക്രമം. രാവിലെ തന്നെ ആയതിനാല്‍ ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണവും എനിക്കുണ്ടായിരുന്നു. അതോടൊപ്പം അടികൂടി കിട്ടിയപ്പോള്‍ എനിക്ക് തലകറക്കമുണ്ടായി. ഇതോടെ എന്നെ പൂമുഖത്തേക്ക് പിടിച്ചു തളളി അവര്‍ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്നാണു പോലീസുകാര്‍ വരുന്നതും എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ആഴ്ചയോളം ഞാന്‍ ചികിത്സയില്‍ കഴിഞ്ഞു.
ഇതും കഴിഞ്ഞ് തിരിച്ച് ഡിസ്ചാര്‍ജായി വരുമ്പോള്‍ എന്നെ നേരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്കാണു പോലീസുകാര്‍ കൊണ്ടുപോയത്. അവിടെയെത്തുമ്പോള്‍ ഭര്‍ത്താവും അവിടെയുണ്ട്. ശേഷം മൂന്നുമണിക്കൂറോളം പെരിന്തല്‍മണ്ണ സി.ഐ ഭര്‍ത്താവിനോട് ഒത്തുതീര്‍പ്പിനായി സംസാരിച്ചു. പക്ഷെ ആ സംസാരത്തിലൊന്നും എന്നെ വീട്ടിലേക്ക് പ്രവേശിപ്പിക്കാനോ, എനിക്ക് വാതില്‍ തുറന്നുതരാനോ അദ്ദേഹം തയ്യാറായില്ല. അവര്‍ വീട്ടില്‍നിന്നും ഇതിനോടകം മാറിത്താമസിച്ചിട്ടുണ്ടെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. അവര്‍ വീട് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു അപ്പോള്‍. അപ്പോള്‍ സി.ഐ എന്നെ വീട്ടിലേക്ക് കയറ്റാനോ, അല്ലെങ്കില്‍ വീടിന്റെ താക്കോല്‍ എനിക്ക് കൈമാറാനോ ആവശ്യപ്പെട്ടിട്ടും അവര്‍ അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് എന്നെ പോലീസുകാര്‍ പെരിന്തല്‍മണ്ണയിലെ വനിതകള്‍ക്കായുള്ള വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ജനുവരി 23 മുതല്‍ ഫെബ്രുവരി അഞ്ചുവരെ അവിടെ കഴിഞ്ഞു. അതിനുശേഷം വീട്ടില്‍ കയറാനുള്ള കോടതി ഉത്തരവുമായാണ് ഫെബ്രുവരി അഞ്ചിന് വീട്ടിലേക്ക് തിരിച്ചുവരുന്നത്. ഈ സമയത്ത് വീട്ടില്‍ ആരുമില്ല. കുട്ടികളെയൊക്കെ അവര്‍ കൊണ്ടുപോയിട്ടുണ്ടായിരുന്നു. ഡിസംബര്‍ 24ന് ശേഷം എനിക്ക് മക്കളെ കണാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ കുട്ടികളെ കാണാനുള്ള നിയമ യുദ്ധത്തിലായി. അങ്ങിനെയാണ് ഞാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി കൊടുക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി 16ന് ഫസ്റ്റ് സിറ്റിംഗ് തവനൂരില്വെച്ച് നടന്നു. അന്നാണ് എല്ലാ ശനിയും ഞായറും കുഞ്ഞുങ്ങളെ എന്റെകൂടെ വിടാന്‍ ഉത്തരവിട്ടത്. ഫെബ്രുവരി 23ന് ശനിയാഴ്ച്ച മക്കളെ എന്റെകൂടെ എത്തിച്ചു. തുടര്‍ന്ന് വളരെ സന്തോഷത്തോടെയാണ് ഫെബ്രുവരി 24ന് ഞായറാഴ്ച്ച വൈകിട്ട് ഞാന്‍ കുഞ്ഞുങ്ങളെ ഞാന്‍ അവര്‍ താമസിക്കുന്നിടത്ത് കൊണ്ടാക്കിക്കൊടുത്തത്. അങ്ങിനെ മാര്‍ച്ച് 28വരെയുള്ള എല്ലാ ശനി ഞായര്‍ ദിവസങ്ങളിലും കുഞ്ഞുങ്ങള്‍ വന്നു. അതിന് ശേഷം എനിക്ക് അവരെ കാണാന്‍ പറ്റിയിട്ടില്ല. ഇത്തരത്തിത്തിലുള്ള ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയും, ഇതിലുടെ എന്റെ ആത്മവീര്യംകെടുത്താനുള്ള പല പ്രശ്നങ്ങളും വീട്ടുകാര്‍ ഉണ്ടാക്കുന്നുണ്ട്. ഉണ്ടാക്കിയിട്ടുണ്ട്. എന്റെ മക്കളുടെ കാര്യം മാത്രമെ എന്നെ ബാധിക്കുന്നുള്ളു. മറ്റുള്ളതൊന്നും എന്നെ ബാധിക്കുന്നില്ല. പുറത്തുനിന്നും ജനങ്ങളുടെ അടുത്തുനിന്നും എനിക്ക് വലിയ പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ല. തൃശൂരില്‍ ഒരു പ്രോഗ്രാമിന് പോയ സമയത്ത് അവിടെ ഞാന്‍ ആ ഹാളിലേക്ക് കയറുന്നത് തടയാന്‍വേണ്ടി നാമജപക്കാര്‍ അവിടെ കൂടി. എന്നെ അവിടേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍ അവര്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. പക്ഷെ പോലീസുവന്ന് ലാത്തിവീശി അവരെ ഒഴിവാക്കുകയും ചെയ്തു. പക്ഷെ ഇങ്ങിനെയുളള സംഭവങ്ങള്‍ ഒക്കെ ഉണ്ടായാലും ഞാന്‍ എന്റെ നിലപാടുകളില്‍നിന്നും ഇതുവരെ അണുവിട പിന്നോട്ടില്ല. എന്റെ കാഴ്ച്ചപ്പാടുകളില്നിന്നും ഒരു ഇഞ്ചും ഞാന്‍ മാറുന്നില്ല.
ഭര്‍ത്താവിന് ഭാര്യയേക്കാള്‍ വലുതാണോ വിശ്വാസം?
എനിക്ക് ചിരിയാണ് വരുന്നത്. കാരണം ഈ ചോദ്യം ഭര്‍ത്താവിനോട് ചോദിക്കേണ്ട കാര്യമാണ്. എനിക്ക് തോന്നുന്നത് എന്റെ ഭര്‍ത്താവിന് ഭാര്യയേക്കാളും, വിശ്വാസത്തേക്കാളും എല്ലാംവലുതായിട്ടുള്ളത് ഭയമാണ് എന്നാണ്. അതിന് അപ്പുറത്തേക്കുള്ള ഒരു അഭിപ്രായം പറയാന്‍ എനിക്ക് കഴിയില്ല.
ഭര്‍ത്താവും മക്കളും അകലാനുള്ള കാരണം?
എന്റെ മക്കള്‍ എന്നില്‍നിന്നും സ്വമേധയാ അകന്നതല്ല, അവരെ അകറ്റിയതാണ്. ഭര്‍ത്താവ് ഒരുപക്ഷെ അകന്നതായിരിക്കാം. അതിന്റെ കാരണം അദ്ദേഹത്തിന് ഞാന്‍ മാനഹാനിയുണ്ടാക്കി. അല്ലെങ്കില്‍ ശബരിമല കയറിയ ഒരു ഭാര്യയാണ്, അല്ലെങ്കില്‍ കേരളമൊട്ടുക്കും വിവാദങ്ങളും കലാപങ്ങളും അക്രമങ്ങള്‍ക്കും കാരണമായൊരു ഭാര്യയാണ്. ഇത്തരത്തില്‍ കുടുംബത്തില്‍ ഒതുങ്ങാത്ത ഒരു ഭാര്യവേണ്ട എന്നൊക്കെ തോന്നിയിരിക്കാം. ഭര്‍ത്താവിന് ഞാന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കാനുള്ള ഒരു മാനസിക വലുപ്പം ഇതുവരെ ഉണ്ടായിട്ടില്ല എന്നുള്ളതെയുള്ളു. എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവും ഇല്ല. ഭര്‍ത്താവിന് അദ്ദേഹത്തിന്റേതായ നിലപാടുണ്ട്, എനിക്ക് എന്റേതായ നിലപാടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എന്റെ കൂടെ താമസിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അദ്ദേഹം മാറിനില്‍ക്കുന്നതില്‍ ഞാന്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലല്ലോ. പക്ഷെ 18വയസ്സ് തികയാത്ത എന്റെ മക്കളെ എന്നില്‍നിന്നും അകറ്റുന്നതില്‍ മാത്രമാണ് എനിക്ക് പ്രതിഷേധമുള്ളത്. മക്കളോട് എന്നെ കുറിച്ച് പരിഹാസങ്ങളോ, അപവാദങ്ങളോ എന്താല്ലാമോ പറഞ്ഞ് അവര്‍ പേടിക്കുന്ന കഥകള്‍ പറഞ്ഞുകൊടുത്താണ് അവരെ എന്നില്‍നിന്നും അകറ്റി നിര്‍ത്തുന്നതെന്ന് എനിക്ക് മനസ്സിലായി.
ഇപ്പോള്‍ താമസം എങ്ങിനെയാണ്, ആരാണ് സഹായത്തിനുള്ളത്?
വിവാഹം കഴിഞ്ഞതിന് ശേഷം ഞാന്‍ താമസിച്ചിരുന്നത് ഭര്‍ത്താവിന്റെ അങ്ങാടിപ്പുറത്തുള്ള വീട്ടിലാണ്. മലക്കുപോകുന്നതിന്റെ തലേദിവസവും ഇവിടെതന്നെയായിരുന്നു. ഇപ്പോഴും ഇവിടെ തന്നെയാണ് താമസം. ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമെയുള്ളു. ഇപ്പോള്‍ ആരുടേയും സഹായം ആവശ്യമുള്ള കാലമാണെന്ന വിശ്വാസം എനിക്കില്ല. കാരണം എല്ലാജോലികളും സ്വയംചെയ്യാന്‍ പറ്റുന്ന കാലമാണ്. വര്ധക്യമൊന്നും എത്തിയിട്ടില്ലല്ലോ. അതുകൊണ്ടുതന്നെ എന്റെ കാര്യങ്ങള്‍ സ്വയം ചെയ്തുവരുന്നു. വരുമാനത്തിന് ജോലിയുമുണ്ടല്ലോ.
വലിയ കഠിനമായ പ്രശ്നങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ഏതൊരു വീട്ടിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ആശയപ്രശ്നങ്ങളും എന്നല്ലാതെ വലിയൊരു പ്രശ്നമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എന്റെ ചില കാഴ്ച്ചപ്പാടുകളോടുംനിലപാടുകളോടും ഒട്ടും താല്പര്യമില്ലാത്ത മനുഷ്യനായിരുന്നു എന്റെ ഭര്‍ത്താവ്. ഇതിന്റെ പേരില്‍ ചില വഴക്കുകളൊക്കെ ഉണ്ടാവാറുണ്ടായിരുന്നു. ശബരിമല ഉത്തരവ് വരുന്നതും, അവിടെ സ്ത്രീകള്‍ കയറാന്‍ ശ്രമിക്കുന്നതും മറ്റും ടി.വിയില്‍ കണ്ടുകൊണ്ടിരിക്കുന്ന സമയങ്ങളില്‍ സ്ത്രീകളെ അതിതീക്ഷണമായി കുറ്റപ്പെടുത്തുകയും അല്ലെങ്കില്‍ ഇവര്‍ ചെയ്യുന്നത് തെറ്റാണെന്നും അവര്‍ ചീത്തയാണെന്നും പറഞ്ഞിരിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അന്നേ ഞാന്‍ പോകുമെന്ന് പറയുമായിരുന്നു. അപ്പോള്‍ എന്നോട് പറഞ്ഞിരുന്നത് പോകുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം പോയാല്‍ മതി, ഈ വര്‍ഷം പോകരുത് എന്നാണ്. അപ്പോള്‍ ഞാന്‍ ചോദിച്ച് അടുത്ത വര്‍ഷം പോകാമെങ്കില്‍ എന്തുകൊണ്ട് ഈ വര്‍ഷം പോയിക്കൂടയെന്ന്. അപ്പോള്‍ ഭര്‍ത്താവിന് ആചാരത്തിന്റെ പ്രശ്നമല്ല, ഭയമായിരുന്നു കാരണം. ഈ വര്‍ഷം ഞാന്‍ പോകുകയെന്നത് അദ്ദേഹത്തിന് ഭയമുള്ള കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ശബരിമലക്കു പോകുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. ഇത്രയും സ്ത്രീ വിരുദ്ധ നിലപാടുമായി ഒരുപറ്റം ആളുകള്‍ ഇങ്ങിനെ കിടന്ന് സമരം ചെയ്യുമ്പോള്‍ അതിനായി ശ്രമിക്കുന്ന സ്ത്രീകളോടുള്ള ഒരു ഐക്യദാര്ഡ്യംകൂടി എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും വിശ്വാസംതന്നെയാണ് ഇതിന്റെ മുന്‍പന്തിയിലെന്ന് എനിക്ക് പറയാനാകും. കാരണം പണ്ടുതൊട്ടേയുള്ള ആഗ്രഹമാണ്. അപ്പോള്‍ അത്തരത്തിലുള്ള ഒരു കാര്യംകൂടി നടത്തിക്കിട്ടുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശം. ഞാന്മല കയറിയതിന് ശേഷം ഭര്‍ത്താവിനെ പേടിപ്പിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബി.ജെ.പിക്കാരും സംഘപരിവാറുകാരും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിക്കാണും. കാരണം ഭര്‍ത്താവിലൂടെ എന്നെ ഒറ്റപ്പെടുത്തിയാലെ അവര്‍ വിചാരിക്കുന്നതുപോലെ വിശ്വാസികളായ ആളുകളെ കൂടെ നിര്‍ത്താന്‍ പറ്റുകയുള്ളു. അതിലൂടെ അവര്‍ക്ക് വോട്ട്നേടാന്‍ പറ്റുകയുള്ളു എന്നവര്‍ കരുതിക്കാണും. അതിനുവേണ്ടി ഒരു ചട്ടുകം, അല്ലെങ്കില്‍ ഒരു ഉപകരണം ആക്കുകയായിരുന്നു എന്റെ ഭര്‍ത്താവിനെ. അതു പക്ഷെ ഇപ്പോഴും എന്റെ ഭര്‍ത്താവിന് മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നതാണ് പരമമായ സത്യം. ഞാന്‍ ആരുടേയും ഉപകരണം ആയിട്ടല്ല ശബരിമലക്ക് പോയത്. അതുകൊണ്ട്തന്നെ ഞാന്‍ ഇപ്പോഴും എന്റെ നിലപാടുകളില്‍ ഉറച്ചു നില്ക്കുന്നു.
ഭര്‍തൃമാതാവുമായുള്ള ബന്ധം, മല കയറിയതിന് മുമ്പും ശേഷവും
ഭര്‍തൃമാതാവുമായി പ്രത്യേകിച്ച് ഒരു വിരോധമൊന്നും ഉണ്ടായിരുന്നില്ല. ഒരുകാലത്തും. വീട്ടുകാര്യങ്ങളില്‍ വലിയ ശ്രദ്ധകൊടുക്കാതെ അമ്പലങ്ങളിലും അല്ലെങ്കില്‍ ബന്ധുവീടുകളിലേക്കുള്ള വിരുന്നുപോക്കും ഒക്കെയായി പോകുന്ന സ്വഭാവക്കാരിയായിരുന്നു അമ്മ. അതുകൊണ്ടുതന്നെ വീട്ടുകാര്യങ്ങളിലോ, എന്റെ മക്കളുടേയോ കാര്യങ്ങളില്‍ ഇടപെടാറില്ലായിരുന്നു. തിരിച്ചു ഞാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ലായിരുന്നു. അങ്ങിനെയായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഞാന്‍ മലകയറിയതോടെ വിശ്വാസത്തിന്റെ പേരില്‍ അവരെ പ്രകോപിപ്പിച്ചതും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതും കാരണമാണ് എന്നെ അക്രമച്ചതെന്നാണ് ഞാന്‍ കരുതുന്നത്.
മക്കളെ അവസാനമായി കണ്ടത്, മല കയറുംമുമ്പ് മക്കളുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിട്ടുണ്ടോ ?
മാര്‍ച്ച് 28നാണ് അവസാനമായി കണ്ടത്. ശേഷം കാണാന്‍ പറ്റിയിട്ടില്ല. സ്കൂള്‍ അവധിക്കാലത്ത് രണ്ടാഴ്ചയോളം അവര്‍ എന്റെ അമ്മ വീടായ അരീക്കോട് പോയി നില്ക്കുമായിരുന്നു. ഒന്നോ രണ്ടോ ക്യാമ്പുകളില്‍ ഞാന്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഒന്നോ രണ്ടോ ദിവസം വേറെയും മാറിനിന്നിട്ടുണ്ട്. അല്ലാതെ ഞങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല. മക്കളായ ജയകാന്ത് കൃഷ്ണയും ജയദേവ് കൃഷ്ണയും ഏഴാംക്ലാസിലാണ് പഠിക്കുന്നത്. മക്കള്‍ക്ക് എന്നോട് മലകയറിയ ശേഷവും ഒരു വിരോധവും തോന്നിയിട്ടില്ല. അവര്‍ക്ക് എന്നോട് ഒരു ഇഷ്ടക്കേടോ, അകല്‍ച്ചയോ ഒന്നും ഉണ്ടായിട്ടില്ല. വളരെ സന്തോഷത്തില്തന്നെയായിരുന്നു. അങ്ങിനെയുള്ള എന്റെ കുട്ടികളെ ഇവര്‍ എന്തുപറഞ്ഞിട്ടാണ് എന്നില്‍നിന്നും അകറ്റി നിര്‍ത്തുന്നത്, അവരുടെ ദൈനംദിന കാര്യങ്ങള്‍ ഞാനാണ് ശ്രദ്ധിച്ചിരുന്നത്. ഭര്‍ത്താവോ, അവരുടെ അമ്മയോ ഒന്നും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. അത്രയും ശ്രദ്ധിക്കാത്ത അവര്‍ ഇപ്പോള്‍ എന്നോടുള്ള വാശിക്ക് കുട്ടികളെ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് എനിക്ക് പറയാനുള്ളത്. അതുകൊണ്ട്തന്നെ അവരുടെ കാര്യങ്ങള്‍ എങ്ങിനെയൊക്കെ നടന്നു പോകുന്നുവെന്ന ഉത്കണ്ഠയും എനിക്കുണ്ടാവാറുണ്ട്. പിന്നെ ഞാന്‍ സമാധാനിക്കും. എന്തായാലും പത്തുപതിമൂന്ന് വയസ്സായ മക്കളാണല്ലോ, അവരുടെ കാര്യങ്ങള്‍ സ്വന്തംനോക്കാനും അല്ലെങ്കില്‍ അവനവന് വേണ്ടത് ചോദിച്ച് ചെയ്യാനും പഠിക്കട്ടെ എന്ന് കരുതി ആശ്വാസം കണ്ടെത്താറുമുണ്ട്.
പുറത്തുനടക്കുന്ന വിവാദങ്ങള്‍ മനസ്സിനെ വേട്ടയാടാറുണ്ടോ ?.
ചിലപ്പോഴൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മനസ്സില്‍ അത് കയറാറുമുണ്ട്. പക്ഷെ അത് എന്നെ വല്ലാതെ ബാധിക്കാറില്ല. കാരണം അബദ്ധ ചിന്താഗതിക്കാരുടെ വിവാദങ്ങള്‍ക്ക് അത്രയെ പരിഗണന നല്‍കേണ്ടതുള്ളുവെന്ന് എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. കാരണം വസ്തു നിഷ്ഠമായോ, അല്ലെങ്കില്‍ യുക്തിപൂര്ണമായോ അതും അല്ല ആശയംകൊണ്ടുള്ള സംവാദം നടത്തണമെന്നുള്ള രീതിയിലുള്ള വിവാദങ്ങളല്ല അവരുണ്ടാക്കുന്നത്. അവരെന്തോ അബദ്ധജഡിലമായി ഏതൊക്കെയോ കാര്യങ്ങളില്‍ അന്ധമായി വിശ്വസിച്ചുകൊണ്ടുള്ള ആളുകളാണ്. എന്നെ കുറിച്ച് ആക്ഷേപങ്ങളും പരിഹാസങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോള്‍ അത്തരത്തിലുള്ള വിവാദങ്ങള്‍ അത്ര മുഖവില നല്‍കാറില്ല.
ഇതിനാല്‍ സഹായത്തിനൊന്നും ആരുമില്ല. എന്റെ സംരക്ഷണത്തിന് വേണ്ടി ഇപ്പോഴും പോലീസ് കൂടെയുണ്ട്. എന്നാല്‍ ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. പിന്തുണ നല്‍കാനും, ആശ്വാസവക്കുകള് നല്‍കാനും.
മലകയറിയതിന് ശേഷം മനസ്സിനെ ഏറ്റവും വേദനിപ്പിച്ച സംഭവം ?
ഏറ്റവും വേദനിപ്പിച്ചത് എന്നെ കുഞ്ഞുങ്ങളെ എന്നില്‍നിന്നും അകറ്റിയത് മാത്രമാണ്. മറ്റുള്ള കാര്യങ്ങളൊന്നും എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടില്ല. കാരണം എല്ലാം ബുദ്ധിപൂര്‍വം ആലോചിച്ചാല്‍ ഒഴിവാക്കാവുന്ന സംഭവ വികാസങ്ങളെ പൊതുസമൂഹത്തില്‍ ശബരിമല വിഷയം ഉണ്ടാക്കിയിട്ടുള്ളു. ഒരുപറ്റം ആളുകളുടെ നിക്ഷിപ്ത താല്പര്യങ്ങള്, ഞങ്ങള്‍ പറയുന്നതെ നിങ്ങള്‍ ചെയ്യാവൂ എന്നുള്ള ദാര്‍ഷ്ട്യ മനോഭാവം നടക്കാതെ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് കേരളത്തില്‍ കലാപങ്ങളും പ്രശ്നങ്ങളും ഉണ്ടാകാന്‍ കാരണമായത്. ഇതൊന്നും എന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടില്ല.
അവഹേളിക്കുന്നവരോട് പറയാനുള്ളത് ?
അവര്‍ അവരുടെ ബുദ്ധിശൂന്യതകൊണ്ട്, അല്ലെങ്കില്‍ അവരുടെ താല്പര്യങ്ങള് നാം സംരക്ഷിക്കാത്തതുകൊണ്ട്, അല്ലെങ്കില്‍ അവരുടെ ധാര്‍ഷ്ട്യം നാം വകവെക്കാത്തതത് കൊണ്ട് അത്തരത്തിലുള്ള ആളുടെ, പ്രത്യേകിച്ച് സ്ത്രീകളായാല്‍ ശരീരംവെച്ച് അനാവശ്യം പറഞ്ഞും അവഹേളിച്ചും അപകീര്‍ത്തിപ്പെടുത്തിയും നമ്മടെ തളര്‍ത്താമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ് കൊണ്ടിരിക്കുന്നത്. പക്ഷെ അത്തരം അവഹേളനങ്ങളെല്ലാം കേട്ടാല്‍ ഒടിഞ്ഞ് തൂങ്ങിയിരിക്കുന്ന ഒരു മനസ്സുള്ള ഒരു പെണ്‍കാലം കഴിഞ്ഞുപോയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പണ്ടുകാലങ്ങളില്‍ ഒരുപെണ്ണിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായി കണ്ടിരുന്നത് അവരുടെ ശരീരമായിരുന്നു. ഇതിനായി സ്ത്രീയെ തന്നെ അടക്കി ഒതുക്കി അവരെകൊണ്ട്തന്നെ അവളെ നിയന്ത്രിക്കുക എന്ന രീതിയായിരുന്നു. എല്ലാത്തിലുംമീതെ ശ്രദ്ധകൊടുക്കുന്നത് അവളുടെ ശരീരത്തിലേക്കാണ്. ആ ഒരു ശരീരം എന്നത് ഓരോ പെണ്ണും അത്രത്തോളം നിധിപോലെ കാത്തുസൂക്ഷിക്കേണ്ട സംഭവമാണ് എന്ന ബോധമായിരുന്നു പണ്ടുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്നത്. അങ്ങിനെയിരിക്കെ ആ ഒരു ശരീരംവെച്ചിട്ട് പുരുഷന്മാര് അനാവശ്യം പറയുമ്പോള്‍ വല്ലാതെ തളര്‍ന്നുപോകുകയും അല്ലെങ്കില്‍ തകര്‍ന്നുപോകുകയും ജീവിക്കേണ്ട എന്നുവരെ തോന്നിക്കുന്ന ഒരു അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നു. എന്നാല്‍ കാലമെല്ലാം മാറി മറിഞ്ഞ് കഴിഞ്ഞു. ശരീരമെല്ലാം പുരുഷന്മാര്ക്കോ, അല്ലെങ്കില്‍ സ്ത്രീ വിരുദ്ധത പറയുന്നവര്‍ക്കോ തളര്‍ത്താന്‍വേണ്ടി അവളുടെ ശരീരത്തെ പറഞ്ഞാല്‍ അതവര്‍ക്ക് ബാധിക്കുന്നില്ല, ഞങ്ങള്‍ തളരുന്നില്ല എന്ന് പറയുന്ന ഒരു പെണ്‍കാലം വന്നു കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. .ഇതിനാല്‍ തന്നെ ശരീരംവെച്ച് അസഭ്യം പറയുന്നവരെ അവര്‍ അര്‍ഹിക്കുന്ന അതേ അവജ്ഞതയോടെ തള്ളക്കളയാനുള്ള കഴിവ് എനിക്കുണ്ട്.
നിങ്ങളെ ദ്രോഹിക്കാന്‍ മന:പൂര്‍വം ആരെങ്കിലും ശ്രമിക്കുന്നുണ്ടോ ?
അത് എനിക്ക് കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുജനം എന്നെ ഇതുവരെ ഉപദ്രവിക്കാന്‍ ഇതുവരെ വന്നിട്ടില്ല. അത് എനിക്ക് പോലീസ് സംരക്ഷണം ഉള്ളത് കൊണ്ടാണോ, അതോടെ സൂപ്രീം കോടതി ഉത്തരവ് ഉള്ളത് കൊണ്ടാണോയെന്നോന്നും എനിക്കറിയില്ല. അക്രമിക്കാന്‍ തോന്നുന്ന ആളുകളോടും എനിക്ക് പ്രത്യേകിച്ച് വിദ്വേഷമോ, വൈരാഗ്യമോയില്ല. പക്ഷെ ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടായിരിക്കാം. പക്ഷെ നാം നമ്മുടെ രാഷട്രീയ താല്പര്യങ്ങള് നെഞ്ചോട് ചേര്‍ക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവന്റെ താല്പര്യങ്ങള് പാടില്ലെന്ന് പറയുന്ന നിഷേധാത്മകത ഒഴിവാക്കിക്കൊണ്ട് എല്ലാരാഷ്ട്രീയ നിലപാടുള്ളവര്‍ക്കും സമത്വ സുന്ദരമായി ഇവിടെ കഴിയാവുന്നതാണ്. ആ രീതിയില്‍ എന്നോട് എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ എതിരാളി സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് എന്നോട് ദേഷ്യപ്പെടേണ്ട ഒരു കാര്യവുമില്ലായെന്നാണ്. പിന്നെ എനിക്ക് മാനസിവ്യഥയുള്ളത് എന്റെ അനുജന്റെ നിലപാടിലാണ്. അവന് എങ്ങിനെയാണ് ഇത്തരത്തില്‍ മാറിപ്പോയതെന്ന് എനിക്കറിയില്ല, എന്തിന്റെ പേരിലാണെന്നും അറിയില്ല. അവന് എന്നെ നന്നായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നുണ്ട്. വീട്ടുകാരും ചേച്ചിമാരും എല്ലാം എന്നോട് സംസാരിക്കണം കാണണം എന്നൊക്കെ ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഞാന്‍ അവിടെ ചെന്നാല്‍ അവര്‍ക്ക് അതൊരു ബുദ്ധിമുട്ടായി മാറുമെന്ന് പേടിക്കുന്നതിനാല്‍ അവരും എന്നോട് അകല്ച്ചകാണിക്കുകയാണ്. ഇതിനുള്ള ഏക കാരണം എന്റെ അനുജന് മാത്രമാണെന്ന് എനിക്ക് നന്നായിട്ട് അറിയാം. ഹിന്ദു ഐക്യവേദിയും, അയ്യപ്പസേവാസമിതിക്കാരുമെല്ലാം അവനെയിപ്പോള്‍ നായകനാക്കികൊണ്ടുനടക്കുന്നുണ്ട്. എല്ലാവേദികളിലും അവനെ ഷാളെടുത്ത ആദരിക്കലും പുതപ്പിക്കലും എല്ലാം ചെയ്യുന്നുണ്ട് എന്നൊക്കെ കേട്ടു. പക്ഷെ ആദരിക്കപ്പെടാന് മാത്രം അവന് എന്താണ് ചെയ്തത്. അവന് പൊതുസമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടത് കനക ദുര്‍ഗയുടെ അനിയന് എന്ന നിലയിലാണ്. അവന് ഒരു സഹോദരന്- സഹോദരി എന്ന നിലയിലല്ല പ്രവര്‍ത്തിക്കുന്നത്. അവന് എന്താണ് ചെയ്യുന്നതെന്ന് അവന് തന്നെ ഒരു ആത്മ പരിശോധന നടത്താവുന്നതാണ്.
കഴിഞ്ഞ ദിവസം ബി.ബി.സിയില്‍ വന്ന ഇന്റര്‍വ്യൂവിനെ കുറിച്ചുണ്ടായ ചര്‍ച്ചകളെ കുറിച്ച് ?
ബി.ബി.സിക്കാര്‍ എന്നെ മൂന്നാംതവണയാണ് ഇന്റര്‍വ്യൂ ചെയ്യുന്നത്. ഇന്റര്‍വ്യൂ വളരെ സൗഹൃദപരമായ രീതിയിലുള്ള സംഭാഷണമായിരുന്നു. ഇതിനിടയില്‍ മക്കളെ കാണാന്‍ പറ്റാത്ത കാര്യവും അവരുടെ വിവരങ്ങളും ചോദിച്ച സമയത്ത് ഞാന്‍ കുറച്ച് വൈകാരികമായിപ്പോയി. കാരണം ഏറെ നാളായി അവരെ കണ്ടിട്ട്, അവരെ കുറിച്ച് ഓര്‍ക്കുമ്പോഴും അവരെ കുറിച്ച് പറയുമ്പോഴുമെല്ലാം എന്റെ തൊണ്ട ഇടയാറുണ്ട്. അതുതന്നെയാണ് അന്നും അവിടെ സംഭവിച്ചത്. പക്ഷെ ഇവിടെ ഞാന്‍ കരയുന്നുണ്ട്. കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന ഏതൊരൊമ്മയും കരഞ്ഞ് പോകും. അതൊരു വികാരമാണ്. ഞാനും പച്ചയായ ഒരു മനുഷ്യസ്ത്രീയാണ്. എല്ലാതരം വികാരങ്ങളും എന്നിലുണ്ട്. പക്ഷെ വികാരങ്ങള്ക്കങ്ങിനെ അധികനേരമോ, അധിക നാളോ അടിമപ്പെട്ട് അതില്‍ വ്രണിതയായി തളര്ന്നുപോകുന്നവളല്ല ഞാന്‍ എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ നിലപാടുകള്‍ക്കൊന്നും ഒരുമാറ്റവുമില്ല. കുറ്റബോധംകൊണ്ട് കരഞ്ഞതോ, അല്ലെങ്കില്‍ അയ്യപ്പന് എന്നെ ശപിച്ചോ, കോപമാണോ, അല്ലെങ്കില്‍ കേരളത്തിലെ ഇത്രയും ഭക്ത ജനങ്ങളുടെ മനസ്സ് വ്രണപ്പെടുത്തി ഇനി എനിക്കാരുണ്ട് എന്നൊന്നും പറഞ്ഞ് ഞാന്‍ തലതല്ലി കരഞ്ഞതല്ല. ഈ ഇന്റര്വ്യൂല് കരയുന്ന ഭാഗം മാത്രം കട്ട് ചെയ്ത് പലരുടേയും താല്പര്യങ്ങള്ക്ക് വേണ്ടി ആ രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
ഇനി ഭാവിയില്‍ എങ്ങിനെ ജീവിക്കാനാണ് ആഗ്രഹം. ഭര്‍ത്താവും കുഞ്ഞുങ്ങളും എല്ലാം മറന്ന് കൂടെ വരുമോ ?
നമ്മള് മനുഷ്യര്‍ വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ മറന്നുപോകുന്നവരാണ്. ഒന്നുങ്കില്‍ നാം ഭൂതകാലത്തെ കുറിച്ച് ആലോചിച്ച് ജീവിതം സങ്കടകരമാക്കും.അല്ലെങ്കില്‍ ഭാവി ആലോചിച്ച് ഭീതിയിലാണ്ട് ഇന്ന് ജീവിക്കാന്‍ മറന്നുപോകും. എന്റെ മന:സാക്ഷിക്ക് ഉതകുന്ന രീതിയില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്എന്ത്കൊണ്ട് എനിക്ക് ചെയ്ത്കൂട എന്ന തോന്നലില്‍നിന്നാണ് ഇങ്ങിനെയൊരു തീരുമാനം. ഇതിന്റെ ഭാഗമായാണ് എനിക്ക് താല്പര്യമുള്ള മേഖലയിലേക്ക് ഞാന്‍ പതുക്കെ ഇറങ്ങാന്‍ തീരുമാനിച്ചതും. എനിക്ക് ആരോടും വെറുപ്പും വിദ്വേഷവുമില്ല. ഭര്‍ത്താവും മക്കളും തിരിച്ചുവരികയാണെങ്കില്‍ എനിക്ക് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. അല്ലെങ്കില്‍ മക്കള്‍ എന്റെ അടുത്തും അവരുടെ അടുത്തും മാറി മാറി നില്ക്കുകയാണെങ്കില് അതിനും എനിക്ക് വിരോധമില്ല.
പൊതുസമൂഹത്തോട് പറയാനുള്ളത് ?
ഞാന്‍ എന്താണെന്നുള്ളത് മാധ്യമങ്ങളാണല്ലോ ജനങ്ങളെ അറിയിച്ചിട്ടുള്ളത്. പക്ഷെ ആ ഒരു മാധ്യമ പ്രവര്‍ത്തനം എന്നെ സൂക്ഷ്മമായി പഠിക്കുകയോ, അല്ലെങ്കില്‍ എന്റെ ചിന്തകള്‍ എന്താണെന്നും എന്റെ സ്വഭാവം എന്താണെന്നും കൃത്യമായി പറഞ്ഞിട്ടുള്ള ഒരു മാധ്യമമുണ്ടോയെന്ന് എനിക്ക് സംശയമാണ്. അതുകൊണ്ട് തന്നെ സമൂഹത്തോട് എനിക്ക് പറയാനുള്ളത് ഇതാണ്. ഞാന്‍ ആരെയും ഒരു വ്യക്തിയേയും അല്ലെങ്കില്‍ ഒരു ജീവിയേയും ഉപദ്രവിക്കുന്ന ഒരു വ്യക്തയല്ല. ക്രൂരത നിറഞ്ഞ ഒരാളുമല്ല. വളരെ മാനുഷികമായ പരിഗണനകളും സ്നേഹവും, ബഹുമാനവും ഇഷ്ടവും നീതിയുല്ലൊം മറ്റുള്ളവരോടൊപ്പം കൊണ്ടുനടക്കുന്ന ആളാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നവളാണ്.
വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുത്താന്‍ ഒരു കാരണമായില്ലേ ?
ഞാന്‍ ആരുടേയും മനസ്സിനേയും, ഭക്തിയേയോ, വിശ്വാസത്തേയോ വൃണപ്പെടുത്തിയിട്ടില്ല. അവരുടെ ഭക്തിപോലെ തന്നെ എന്റെ ഭക്തിയേയും ഞാന്‍ ഇത്തരി പരിഗണിച്ചുവെന്നേ എനിക്ക് തോന്നിയിട്ടുള്ളു. അയ്യപ്പനില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന വിശ്വാസികളായ ഇവര്‍ വൃതമെടുത്തിട്ടുണ്ടെങ്കില് ശബരിമലയിലേക്ക് പോകുക. അവരുടെ വിശ്വാസങ്ങള്‍ അവര്‍ ചെയ്യേണ്ട രീതിയില്‍ ചെയ്തു തിരിച്ചുപോന്നിട്ടുണ്ടെങ്കില് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും കേരളത്തില്ഉണ്ടായിരിക്കില്ല, ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഓരോരുത്തരുടേയും വിശ്വാസങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നതാവരുതെ എന്നെ എനിക്ക് പറയാനുള്ളു. ഞാന്‍ ശബരിമലക്ക് പോയത് ഒരാളെയും ഉപദ്രവിച്ചുകൊണ്ടല്ല. ഞാന്‍ ശാരീരികമായി ആരെയൂം ഉപദ്രവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൊതുജനം എന്നോട് ഒരു വ്യക്തി വിരോധം കാണിക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.