
കഴിഞ്ഞയാഴ്ച്ചയാണ് ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യ എസ്യുവിയായ ഡിബിഎക്സ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലും ഇപ്പോള്‍ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. പത്തില്‍ താഴെ യൂണിറ്റ് ഡിബിഎക്സ് എസ്യുവി ആയിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. മുംബൈയിലെയും ഡെല്‍ഹിയിലെയും ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടന്നേക്കും.
2020 മൂന്നാം പാദത്തില്‍ ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎക്സ് ആഗോളതലത്തില്‍ ഡെലിവറി ചെയ്തുതുടങ്ങും. ഒരു കോടി രൂപയാണ് ബുക്കിംഗ് തുക. ആഡംബര എസ്യുവിയുടെ ഇന്ത്യ എക്സ് ഷോറൂം വില നാല് കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഇന്ത്യയില്‍ ലംബോര്‍ഗിനി ഉറുസിനേക്കാള്‍ വില വരും. ഇന്ത്യയില്‍ ഉറുസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎക്സ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം ഉറുസ് നേടിയ വിജയമാണ്.
രണ്ട് ടണ്ണിലധികം ഭാരം വരുന്ന ഡിബിഎക്സ് എസ്യുവിക്ക് 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 4.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 291 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ഡിബി 11, വാന്റേജ് മോഡലുകള്‍ ഉപയോഗിക്കുന്ന 4 ലിറ്റര്‍, ഇരട്ട ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎക്സ് എസ്യുവിയുടെ ഹൃദയം. ഈ മോട്ടോര്‍ 542 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഓള് വീല്‍ ഡ്രൈവ് സിസ്റ്റത്തോടെയാണ് ഡിബിഎക്സ് എസ്യുവി എത്തുന്നത്.






