
ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്സേയെ ദേശഭക്തനാക്കി നിലപാട് എടുത്ത ബിജെപി എംപി പ്രഗ്യാസിംഗ് ഠാക്കൂറിനെ ശാസിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ലോക്സഭാ സ്പീക്കര്‍ ഇന്ന് തീരുമാനം എടുത്തേക്കും. പ്രമേയം പരിഗണക്കണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തെ പ്രമുഖരായ കോണ്‍ഗ്രസ് തീരുമാനം. ബുധനാഴ്ച നടന്ന എസ്പിജി നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു പ്രഗ്യാസിംഗിന്റെ വിവാദ നിലപാട്.
മഹാത്മാഗാന്ധിയുടെ ഘാതകന് ദേശഭക്തനാണെന്ന നിലപാട് എടുത്ത പ്രഗ്യാസിംഗ് ഠാക്കൂറിനെ ശാസിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മാപ്പ് പറയുന്നത് വരെ സഭയില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടണമെന്നും പ്രമേയത്തില്‍ പറഞ്ഞിട്ടുണ്ട്. രാഷ്്രടപിതാവിനെ അപമാനിച്ച ലോക്സഭാംഗത്തെ ശാസിക്കണമെന്ന് ഇന്നലെ 75 പ്രതിപക്ഷ എം.പിമാര്‍ ഒപ്പിട്ട നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശ പ്രകാരം പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു. പ്രഗ്യാസിങ് ഠാക്കൂറിന്റെ പ്രസ്താവന വിവാദമായതോടെ കടുത്ത നടപടികളുമായി ബി.ജെ.പി.യും രംഗത്ത് വന്നിട്ടുണ്ട്.
പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നെന്നും പ്രഗ്യയെ പ്രതിരോധകാര്യ സമിതിയില്‍നിന്നു നീക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ വിലക്കുമെന്നും ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ അറിയിച്ചു. ഗോഡ്സെയെ ദേശഭക്തനായി കാണാനാകില്ലെന്നും അത്തരം ചിന്തകളെ ബി.ജെ.പി. എതിര്‍ക്കുമെന്നും രാജ്നാഥ് വ്യക്തമാക്കി. എല്ലാവര്ക്കും വഴിവിളക്കായിരുന്നു ഗാന്ധിജിയെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം എസ്.പി.ജി. നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാസിങ് വിവാദ പരാമര്‍ശം നടത്തിയത്. ഗോഡ്സെ ഗാന്ധിജിയെ കൊന്നതെന്തിനായിരുന്നുവെന്നു ചോദിച്ച ഡി.എം.കെ. അംഗം എ.രാജ ഒരു പ്രത്യേക തത്വശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നതു കൊണ്ടായിരുന്നു അതെന്ന് ചൂണ്ടിക്കാട്ടിയതോടെ എതിര്‍പ്പുമായി പ്രഗ്യാ സിങ് ഇടപെടുകയായിരുന്നു. ഒരു ദേശഭക്തന്റെ ഉദാഹരണം നിങ്ങള്‍ക്കിവിടെ ഉപയോഗിക്കാനാകില്ലെന്നായിരുന്നു അവരുടെ വാക്കുകള്‍.
ഗോഡ്സെയെ പ്രഗ്യ ഇതാദ്യമായല്ല വാഴ്ത്തുന്നത്. നേരത്തേ ഗോഡ്സേ ഹിന്ദു തീവ്രവാദി ആണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. നേരത്തേ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യയെ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള പ്രതിരോധകാര്യ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിനു വഴിവച്ചിരുന്നു.






