ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീന് നല്കി ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കാണ് പ്രഗ്യാ അവകാശ ലംഘന നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ തീവ്രവാദി പരാമര്‍ശത്തിലാണ് നോട്ടീസ്. തനിക്കെതിരെ ഒരു കോടതിയും കുറ്റം ചുമത്തിയിട്ടില്ല. എന്നിട്ടും തീവ്രവാദിയെന്ന് വിളിച്ചതിലൂടെ പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള തന്റെ അവകാശങ്ങള്‍ രാഹുല്‍ ഗാന്ധി ലംഘിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രഗ്യാ സിംഗ് ആവശ്യപ്പെട്ടു.
ഗാന്ധി ഘാതകന് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച സംഭവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധി പ്രഗ്യാ സിംഗിനെ തീവ്രവാദിയെന്ന് വിളിച്ചത്. രാജ്യസ്നേഹി പരാമര്‍ശം വിവാദമായതോടെ പ്രഗ്യാ സിംഗ് ലോക്സഭയില്‍ ഖേദം പ്രകടിപ്പിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഖേദപ്രകടനത്തില്‍ പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെയാണ് പ്രഗ്യാ സിംഗ് മറ്റ് വഴികളില്ലാതെ മാപ്പ് പറഞ്ഞത്.
പ്രഗ്യാ സിംഗിന്റെ പരാതി ലഭിച്ചതായി ലോക്സഭാ സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചു. പരാതി പരിശോധിച്ച ശേഷം അത് സ്വീകരിക്കണോ തള്ളിക്കളയണോ എന്ന് തീരുമാനിക്കും. ലോക്സഭാ സെക്രട്ടറിയേറ്റ് പരാതി വിലയിരുത്തിയ ശേഷം സ്പീക്കര്‍ക്ക് ശിപാര്‍ശ കൈമാറും.






