
ഏഥര്‍ എനര്‍ജി തമിഴ്നാട്ടിലെ ഹൊസൂരില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പും തമിഴ്നാട് സര്‍ക്കാരും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കൂടാതെ ഏഥറിന്റെ ലിഥിയം അയണ്‍ ബാറ്ററിയും ഇവിടെ നിര്‍മിക്കും. ലിഥിയം അയണ്‍ ബാറ്ററി ഉല്‍പ്പാദനത്തില്‍ ഏഥര്‍ എനര്‍ജി പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നാണ് സൂചന. നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്ണമുള്ളതായിരിക്കും പ്ലാന്റ്.
പുതിയ പ്ലാന്റും നിക്ഷേപവും വരുന്നതോടെ ഹൊസൂര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നാലായിരത്തിലധികം ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പുതിയ പ്ലാന്റിന് നിക്ഷേപം എത്രയെന്ന് ഏഥര്‍ എനര്‍ജി വെളിപ്പെടുത്തിയില്ല. എന്നാല്‍ ഹൊസൂര്‍ പ്ലാന്റില്‍ 600 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബെംഗളൂരു പ്ലാന്റിൽ ഇനി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഏഥര്‍ എനര്‍ജി. തമിഴ്നാട് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തില്‍ വലിയ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടില്‍ നിക്ഷേപം നടത്താന്‍ ഏഥര്‍ എനര്‍ജി തീരുമാനിച്ചതിന് പിന്നില്‍ ഇതായിരിക്കാം കാരണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മുപ്പത് നഗരങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമാണ് ഏഥര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരിക്കുന്നത്.
വിപണിയില്‍ ആവശ്യകത വളരെ കുറഞ്ഞത് കാരണം ഏഥര്‍ 340 എന്ന എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. ഏഥര്‍ 450 ഇലക്ട്രിക് സ്കൂട്ടര്‍ മാത്രമാണ് നിലവില്‍ വില്‍ക്കുന്നത്. 1.13 ലക്ഷം രൂപയാണ് ബെംഗളൂരു ഓണ്‍ റോഡ് വില. ബ്രഷ്ലെസ് ഡിസി മോട്ടോറാണ് കരുത്തേകുന്നത്.






