
2020 ഏപ്രില്‍ മാസത്തില്‍ സ്കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്യുവിയായ കറോക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇടത്തരം വലുപ്പമുള്ള 5 സീറ്റര്‍ എസ്യുവി പൂര്‍ണമായും നിര്‍മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
സ്കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, വിപണന, സര്‍വീസ് വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഒരു ഇന്ത്യന്‍ ഓട്ടോ പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ചെക്ക് വാഹന നിര്‍മാതാക്കള്‍ തുടക്കത്തില്‍ ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ടിഎസ്ഐ എന്‍ജിനായിരിക്കും കറോക്ക് എസ്യുവിയില് നല്‍കുന്നത്. ഈ എൻജിൻ 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.
എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയിലൊരു ട്രാന്സ്മിഷന് ചേര്‍ത്തുവെയ്ക്കും. ഡീസല്‍ എന്ജിന് പിന്നീട് നല്‍കിയേക്കും.
അന്താരാഷ്ടതലത്തില്‍ സ്കോഡ കറോക്ക് എസ്യുവിയില് 115 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്ഐ പെട്രോള്‍, 115 എച്ച്പി പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍, സ്കോഡ കോഡിയാക്ക് ഉപയോഗിക്കുന്ന 150 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍, 189 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്നിവയാണ് നല്‍കിയിരിക്കുന്ന മറ്റ് എന്ജിന് ഓപ്ഷനുകള്‍.






