
ആലുവ: വര്‍ഷങ്ങളായി കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാര്‍ ആയിരുന്ന 1998 മോല് മേഴ്സിഡീസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകളുള്ള കാര്‍ നാലാം വട്ടമാണ് ലേലത്തിന് വയ്ക്കുന്നത്. 1996-2001 നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയപ്പോള്‍ മൂന്ന് വര്‍ഷത്തോളം ഈ കാറാണ് ഉപയോഗിച്ചത്.
അംബാസിഡര്‍ കാര്‍ പ്രിയമുള്ള നായനാര്‍ക്ക് ഹൃദ്രോഗ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ബെന്‍സ് വാങ്ങാന്‍ നിര്‍ദേശം നല്‍കിയത് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. എന്നാല്‍ 2001ല്‍ എ കെ ആന്റണി ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കാര്‍ ഉപയോഗിച്ചു. ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോള്‍ കാറിന്റെ ഉപയോഗം അവസാനിപ്പിച്ചു.
തിരുവനന്തപുരത്തു നിന്ന് ആലുവയില്‍ എത്തിച്ച ബെന്‍സ്, ടൂറിസം വകുപ്പില്‍ 'നായനാരുടെ കാര്‍' എന്നാണ് അറിയപ്പെടുന്നത്. കാര്‍ 7 വര്‍ഷമായി ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരിജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് ലക്ഷം രൂപ വിലയിട്ടു ലേലം ചെയ്തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ചെളി കയറി എന്ജിന് തകരാറിലായതിനാല്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. പൊളിച്ചു വില്പനക്കാരേ ഇനി കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതുകൊണ്ട് 'ഇരുമ്പു വില' കണക്കാക്കിയാകും നാലാം ലേലത്തിനു തുക നിശ്ചയിക്കുക.






