
കൊച്ചി : ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനത്തിന്റെ വേഗത പരിശോധിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കാറിന്റെ ഈവന്റ് ഡാറ്റ റിക്കോര്‍ഡറില്‍ നിന്നും സ്പീഡ് കണ്ടെത്താനുള്ള ശ്രമമാണ് പരാജയപ്പെട്ടത്.
ശ്രീറാം മദ്യലഹരിയില്‍ അമിത വേഗതയില്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്ത്തകന് ബഷീര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാറിന്റെ അമിത വേഗത കണ്ടെത്താനുള്ള പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് കാര്‍ കമ്പനി, പൂനെയില്‍ നിന്നും ഡാറ്റ റിക്കവറി വിദഗ്ധരെ നിയോഗിച്ചത്. ഇവര്‍ തിരുവനന്തപുരത്തെ കാര്‍ കമ്പനിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാറിന്റെ എഞ്ചിന് സ്പീഡ്, വാഹനത്തിന്റെ വേഗം, ബ്രേക്കിങ് എന്നിവയെ കുറിച്ച് പരാമര്‍ശമില്ല.
ശ്രീറാമിന്റെ കാര്‍ പുറപ്പെട്ട കവടിയാര്‍ മുതല്‍ മ്യൂസിയം വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരുന്നു. ഇതോടെ കാറിന്റെ വേഗത നിര്‍ണയിക്കാന്‍ കഴിഞ്ഞാല്‍ ശക്തമായ തെളിവ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം.






