
നടി ശാരദ പുതിയ കാര്‍ വാങ്ങുമ്പോഴൊക്കെ നടന്‍ സത്യനെ ഓര്‍ക്കും. അതിന്റെ കാരണം വിശദീകരിച്ചത് രാജ്യാന്തര ചലചിത്ര മേളയിലെ ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് എന്ന പരിപാടിയിലായിരുന്നു. ആന്ധ്രാ പ്രദേശുകാരയായ ശാരദ മലയാളത്തില്‍ സത്യനോടും പ്രേം നസീറിനൊടുമൊപ്പം തകര്‍ത്ത് അഭിനയിക്കുന്ന കാലത്താണ് കഥ നടക്കുന്നത്.
'ഒരു വാഹനം വാങ്ങിക്കണമെന്ന് മോഹിച്ചു. കൈയ്യിലുള്ളത് ഇരുപതിനായിരം രൂപ. അന്ന് അതിന് ഇന്നത്തെ ലക്ഷങ്ങള്‍ വില വരും. പക്ഷെ മോഹിച്ച കാറിന് വില അതിലേറെയായിരുന്നു. അങ്ങനെ അക്കാര്യം ആലോചിച്ച് ഇരിക്കുമ്പോളായിരുന്നു സത്യന്‍ സര്‍ വന്ന് ചോദിക്കുന്നത്, എന്ത് പറ്റി ഇങ്ങനെ ഇരിക്കുന്നത്. അപ്പോ ഞാന്‍ കാര്യം പറഞ്ഞു. അത്രേയുള്ളൊ കാര്യം. പിറ്റേന്ന് കാര്‍ വാങ്ങാന്‍ നേരം അദ്ദേഹം ബാക്കി പൈസ കൊണ്ടു വന്നു. അങ്ങനെ കാര്‍ വാങ്ങി. പിറ്റേന്ന് സെറ്റില്‍ സ്റ്റൈലായി കാറില്‍ വന്നിറങ്ങി.'
മുന്നൂറ്റി അന്‍പതിലേറെ സിനിമകളില്‍ നായികയായ ശാരദയുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രം 'ശാരദ'യാണ്. തെലുങ്കിലെ ഈ ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ശാരദയെയാണ് അവര്‍ അവതരിപ്പിച്ചത്. മലയാളത്തിലെ ചിത്രം തുലാഭാരം.
രാജ്യാന്തര ചലചിത്ര മേളയിലെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായ ശാരദ നായികയായ സ്വയംവരം, എലിപ്പത്തായം, ഇരുട്ടിന്റെ ആത്മാവ്, തുലാഭാരം, യക്ഷി, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം എന്നീ ചിത്രങ്ങള്‍ മേളയിലുണ്ട്.






