
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ് കാറാണ് ടൈകന്. ഇപ്പോള്‍ ഈ വാഹനത്തിന് ആവശ്യക്കാരുടെ എണ്ണം 30,000 കടന്നതായി അറിയിച്ചിരിക്കുകയാണ് പോര്‍ഷെയുടെ സിഇഒ ഒലിവര്‍ ബ്ലൂമെ. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കും. ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഏകദേശം നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശേഷിയുള്ളതാണ് ബാറ്ററി.
2020-ല്‍ 20,000 ടൈകന് നിരത്തിലെത്തിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നതെന്നും യൂറോപ്പിലാണ് ടൈകന് 30,000 ആവശ്യക്കാര്‍ എത്തിയിരിക്കുന്നതെന്നും ബ്ലൂമെ പറഞ്ഞു. ഈ ഉപയോക്താക്കളെല്ലാം 2500 യൂറോ ഡൗണ്‍ പേയ്മെന്റ് നല്കി കഴിഞ്ഞുവെന്നും ഈ വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ബ്ലൂമെ അഭിപ്രായപ്പെട്ടു. വൈകാതെ തന്നെ ടൈകന് യുഎസിലെ ഡീലര്ഷിപ്പുകളിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
വാഹനത്തില്‍ നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം.വാഹനത്തിന്റെ മുന്നിലും പിന്നിലുമായി അണിനിരന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം പവര്‍ ടൈകന് നല്‍കും. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം. ഗ്ലോബല്‍ ലോഞ്ചിന് ശേഷം ടൈകന് ഇലക്ട്രിക് ഇന്ത്യയിലേക്കും എത്തിയേക്കുമെന്നാണ് സൂചന.






