
കോഴിക്കോട്: മുക്കം ആനയാം കുന്നില്‍ പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയായിരുന്ന ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണത്തെ സൂചിപ്പിച്ച് പെണ്‍കുട്ടി കുറിച്ചിരിക്കുന്ന ഡയറിക്കുറിപ്പുകള്‍ നിര്‍ണ്ണായകമായി മാറിയേക്കും. മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ദിവസം എഴുതിയതെന്ന് കരുതുന്ന കുറിപ്പ് ഉള്‍പ്പെടെ 50 പേജുകളിലാണ് പെണ്‍കുട്ടി യുവാവുമായുള്ള പ്രണയത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
ആത്മഹത്യ ചെയ്ത ദിവസം പെണ്‍കുട്ടി ഡയറിയായി സൂക്ഷിച്ചിരുന്ന ഒരു ബുക്ക് പോലീസ് കണ്ടെടുത്തിരുന്നു. ഈ പുസ്തകത്തിലും കൈത്തണ്ടയിലും പെണ്‍കുട്ടി യുവാവിന്റെ പേര് എഴുതിവെച്ചിരുന്നു. 50 ഓളം പേജുകളില്‍ പ്രണയം തുടങ്ങിയത് മുതലുള്ള വിവരങ്ങള്‍ പെണ്‍കുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തിന്റെ തലേദിവസം എഴുതിയതെന്ന് കരുതുന്ന 'മരണം എത്ര സുന്ദരം' എന്ന കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് മുരിങ്ങം പുറായി സ്വദേശി റിനാസാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് കേസ്. യുവാവിന്റെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. യുവാവുമായി പെണ്‍കുട്ടി ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു എന്ന സഹപാഠികളുടെ മൊഴികള്‍. ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നെന്നും ആത്മഹത്യ ചെയ്തതിന്റെ തലേ ദിവസം പെണ്‍കുട്ടി യുവാവുമായി എവിടേയ്ക്കോ പോയിരുന്നെന്നും നേരത്തേ പെണ്‍കുട്ടിയുടെ കൂട്ടുകാരികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
അന്ന് പെണ്‍കുട്ടി യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രവും ബാഗില്‍ കരുതിയാണ് സ്കുളില്‍ എത്തിയത്. പെണ്‍കുട്ടിയെ യുവാവിന്റെ വീട്ടുകാര്‍ നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ പെണ്‍കുട്ടി സമ്മര്‍ദ്ദത്തിലായിരുന്നു എന്നും കൂട്ടുകാരികള്‍ പറഞ്ഞിരുന്നു. മതം മാറുന്നതിനെക്കുറിച്ച് പറയാറുണ്ടായിരുന്നെന്നും ഇനി യുവാവുമായി ഒരു ബന്ധത്തിനും ഇല്ലെന്നും പറഞ്ഞിരുന്നതായി ഇവര്‍ പറയുന്നു. ബന്ധം പിരിയുന്ന ഘട്ടത്തിലാണ് ആത്മഹത്യയെന്നാണ് സംശയം.
യുവാവിന്റെ മാനസീക പീഡനത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ മാതാവ് എസ്പിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. യുവാവിന്റെ മാനസീക പീഡനമാണ് ആത്മഹത്യാ കാരണമെന്നാണ് മാതാവ് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടിയുടെ അനുജനെ കൊന്നു കളയുമെന്ന് യുവാവ് ഭീഷണി മുഴക്കിയിരുന്നതായും മാതാവ് ആരോപിക്കുന്നു. യുവതിയുടെ മാതാവും സഹോദരിയും ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പെണ്‍കുട്ടിയുടെ സഹോദരിയും പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് വരെ പെണ്‍കുട്ടി യുവാവിനൊപ്പമായിരുന്നു എന്നതടക്കമുള്ള സാഹചര്യതെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് കാരശ്ശേരി മുക്കം സ്വദേശിയായ യുവാവിനെ പിടികൂടിയിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് സ്കൂള്‍ വിട്ടു വന്നതിന് പിന്നാലെ പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം യുവാവിന്റെ വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഭീഷണി.
സ്കൂളില്‍ എല്ലാ മേഖലയിലും മികവ് തെളിയിച്ചിരുന്ന പെണ്‍കുട്ടിക്ക എന്തെങ്കിലൂം പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. നേരത്തേ പെണ്‍കുട്ടിയുടെ മരണവുമായി യുവാവിന് ബന്ധമില്ലെന്ന നിലപാടാണ് ആദ്യം ലോക്കല്‍ പോലീസ് സ്വീകരിച്ചത്. തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് എസ്പിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കിയത്.






