
തിരുവനന്തപുരം: തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്നും മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യങ്ങള്‍ പാര്‍ട്ടിനേതാക്കള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ രമേശ് ചെന്നിത്തലയുടെ വസതിയില്‍ എത്തി വി.ഡി. സതീശന് കാണുകയായിരുന്നു.
ഇരുവരും തമ്മില്‍ അര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തുകയും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയും ചെയ്യും. പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷമാണ് വി.ഡി. സതീശന് രമേശ് ചെന്നിത്തലയെ കാണാനെത്തിയത്. ജോസഫ് വാഴയ്ക്കനും വി.ടി. ബല്‍റാമും അബിന്‍വര്‍ക്കിയും രമേശ് ചെന്നിത്തലയ്ക്കൊപ്പം വി.ഡി. സതീശനെ സ്വീകരിക്കാനെത്തി. എല്ലാവരും ചേര്‍ന്നും ഇരുവരും തനിച്ചും കൂടിക്കാഴ്ച നടത്തി.
തന്നെ എല്ലാക്കാലത്തും പിന്തുണച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്നും താന്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ ആയിരുന്ന സമയത്ത തന്നെ രമേശ് ചെന്നിത്തല നേതാവായിരുന്നെന്നും അദ്ദേഹവുമായി ജേഷ്ഠസഹോദര തുല്യമായ ബന്ധമെന്നുമാണ് വി.ഡി. സതീശന് പറഞ്ഞത്. അതേസമയം രമേശ് ചെന്നിത്തല എന്തെങ്കിലും ഉപാധി വെച്ചോയെന്നും അത് വി.ഡി. സതീശന് അംഗീകരിച്ചോ എന്ന കാര്യവും വ്യക്തമല്ല.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പറഞ്ഞു. വിഡി. മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ൈഹക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും തങ്ങള്‍ തമ്മില്‍ ഒരു ഉപാധിയുമില്ലെന്നും പറഞ്ഞു. പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം താഴെയിറക്കാന്‍ നിയോഗിക്കപ്പെട്ട ആളായിരുന്നു സതീശനെന്നും അദ്ദേഹം അത് ഭംഗിയായി നിര്‍വ്വഹിച്ചെന്നും എല്ലാവരും അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും പറഞ്ഞു.






