ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. രാഹുല്‍ ഗാന്ധി നൂറ് ജന്മമെടുത്താലും സവര്‍ക്കറാകാന്‍ സാധിക്കില്ലെന്ന് ബ.ജെ.പി വക്താവ് സാംപിത് പത്ര പറഞ്ഞു. സവര്‍ക്കര്‍ വീര്‍ ആയിരുന്നുവെന്നും രാജ്യസ്നേഹിയായിരുന്നെന്നും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത ആളാണെന്നും സാംപിത് പത്ര പറഞ്ഞു.
ആര്‍ട്ടിക്കിള്‍, 370 വ്യോമാക്രമണം, മിന്നലാക്രമണം, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് പാക്കിസ്ഥാന്റെ ഭാഷയാണെന്ന് സാംപിത് പത്ര ആരോപിച്ചു. രാഹുലിന് വീര്‍ ആവാനോ സവര്‍ക്കര്‍ക്ക് ഒപ്പമെത്താനോ കഴിയില്ല. മേക്ക് ഇന്‍ ഇന്ത്യയെ റേപ്പ് ഇന്ത്യയുമായി താരമതമ്യം ചെയ്തതിലൂടെ രാഹുല്‍ ലജ്ജയുടെയും അന്തസിന്റെയും എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. ഒരു മനുഷ്യന് അല്‍പ്പമെങ്കിലും ലജ്ജ വേണമെന്നും പത്ര പറഞ്ഞു.
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഡല്‍ഹിയില്‍ നടത്തിയ ഭാരത് ബച്ചാവോ റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.






