Authored by Web Desk | Last updated: 16 Dec 2019, 4:31 PM | 2 min read
ചിക്കുന്‍ഗുനിയ വന്നുപോയിട്ട് വര്‍ഷം നാലഞ്ചു കഴിഞ്ഞിട്ടും സന്ധികള്‍ തോറും നുറുങ്ങുന്ന വേദന ഇപ്പോഴും അവശേഷിക്കുന്നു. തണുപ്പുകാലമാകുന്നതോടെ ശരീരം ചലിപ്പിക്കാനാവാത്ത വിധം കടുത്ത വേദന തലപൊക്കും. കൊതുകുകടിമൂലമുണ്ടാകുന്ന സന്ധിവാതമാണ് ഇതിനു കാരണം.
ചിക്കുന്‍ഗുനിയ, സിക്ക, ഡെങ്കി തുടങ്ങിയ രോഗങ്ങള്‍ പരത്തുന്നത് ഈഡിസ് ഈജിപ്തി എന്നയിനം കൊതുകാണ്. രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
ചിക്കുന്‍ ഗുനിയ
പനി, തലവേദന, പേശിവേദന, ദേഹത്ത് തടിപ്പ്, ശക്തമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍. രോഗത്തിന്റെ തീവ്രഘട്ടത്തില്‍ എല്ലാ രോഗികളിലും സന്ധിവേദന അനുഭവപ്പെടാം.
ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള ചെറുതും വലുതുമായ സന്ധികളിലാണ് വേദനയുണ്ടാകുന്നത്. 80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും രോഗം ബാധിക്കുന്നു.
ഇതേത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ മൂന്നുമാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാം. ഗുരുതരമായ ചിക്കുന്‍ ഗുനിയ ആമവാതത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കും. വളരെകുറച്ചു ആളുകളില്‍ (5 മുതല്‍ 10 ശതമാനം വരെ) രണ്ടുവര്‍ഷം വരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
രോഗപ്രതിരോധം
വിശ്രമം, ജലപാനം, വേദനയും പനിയും കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയാണ് ചിക്കുന്ഗുനിയയ് ക്കുള്ള ചികിത്സകള്‍. ചിക്കുന്‍ഗുനിയ ചെറുക്കാന്‍ വാക്സിനുകള്‍ ലഭ്യമല്ല. ഗുരുതരമായ ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് ഹൈട്രോക്ലോറോക്വിന് പോലെയുള്ള മരുന്നുകള്‍ ഉപയോഗിക്കാം.
സിക്ക വൈറസിന്റെ ലക്ഷണങ്ങള്‍
പനി, തൊലിപ്പുറമേയുള്ള തടിപ്പ്, വാതം, പേശികളില്‍ വേദന, കണ്ണുകളില്‍ ചുവപ്പും നീരും വേദനയും തുടങ്ങിയവയാണ് സിക്ക വൈറസിന്റെ ലക്ഷണങ്ങള്‍. ഡെങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയവയോട് സാമ്യമുള്ളവയാണ് സിക്ക വൈറസിന്റെ ലക്ഷണങ്ങള്‍ എന്നതാണ് ഈ രോഗം കണ്ടെത്തുന്നതിനുള്ള പ്രധാന വെല്ലുവിളി.
പനി, ചൊറിഞ്ഞു തടിക്കുക, സന്ധിവേദന, കണ്ണുകളില്‍ ചുവപ്പ് എന്നിവയാണ് സിക്ക വൈറസിന്റെ ലക്ഷണങ്ങള്‍. സിക്ക വൈറസ് ബാധിച്ച കൊതുകുകടിച്ചതിനു ശേഷം ലക്ഷണങ്ങള്‍ ദിവസങ്ങളും ആഴ്ചകളും നീണ്ടുനില്ക്കുന്നു.
രോഗബാധയുണ്ടായാല്‍ പിന്നീട് മറ്റ് രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. എന്നാല്‍ സിക്ക വൈറസ് മൂലം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സന്ധിവേദന ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
ഡെങ്കി ബാധിച്ചവരിലെ സന്ധിവേദന
പേശികള്‍, സ്നായുക്കള്‍, സന്ധികള്‍, എല്ലുകള്‍ എന്നിവയെ ഡെങ്കി പനി ബാധിക്കാം. പനി, തലവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും ഒഴികെയുള്ള ഭാഗങ്ങളില്‍ ചെറുതായി ചൊറിഞ്ഞു തടിക്കുക എന്നിവയാണ് ഡെങ്കി പനിയുടെ ലക്ഷണങ്ങള്‍.
വൈറസ് ബാധയേറ്റ് 4 മുതല്‍ 7 ദിവസത്തിനു ശേഷം രോഗത്തില്‍ നിന്ന് മുക്തി നേടിയതിനു ശേഷമാണ് ഇവ കാണപ്പെടുക. ഡെങ്കിപ്പനിയില്‍ വാതരോഗലക്ഷണങ്ങള്‍ അധികരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒഴിവാക്കാം കൊതുജന്യരോഗങ്ങള്‍
കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക എന്നതാണ് പ്രതിരോധത്തില്‍ പ്രധാനം. കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കുക, കൊതുകുകടിയേല്‍ക്കുന്നത് ഒഴിവാക്കുന്ന രീതിയില്‍ പകല്‍ സമയങ്ങളില്‍ ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകിനെ അകറ്റിനിര്ത്തുന്നതിനായുള്ള വസ്തുക്കള്‍, കൊതുകുതിരി, കൊതുകുവല എന്നിവ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
രോഗമുള്ളവര്‍ കൊതുകുവല, കൊതുകുതിരി എന്നിവ ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ സഹായിക്കും.