ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിമയ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രക്ഷോഭം. ഡല്‍ഹിയിലെ സീലംപൂരില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആയിരത്തിലധികം പ്രതിഷേധക്കാര്‍ സംഘടിച്ച് എത്തിയത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജഫ്രാബാദ്, മൗജുപൂര്-ബാബര്‍പൂര്‍ മെടോ സ്റ്റേഷനുകള്‍ അടച്ചു. സീലംപൂര്‍, ഗോകുല്‍പുരി മെട്രോ സ്റ്റേഷനുകളും അടച്ചു. ഡി.ടി.സിയുടെ രണ്ട് ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ബസ് ഡ്രൈവര്‍മാര്‍ക്കും പരുക്കേറ്റു.
രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭം വ്യാപകമാവുകയാണ്. ഇതിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെ സര്‍വകലാശാലാ അധികൃതര്‍ രംഗത്ത് വന്നു. അനുവദമില്ലാതെയാണ് പോലീസ് ക്യാംപസില്‍ പ്രവേശിച്ചതെന്ന് സര്‍കലാശാലാ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പോലീസിനെ വിളിച്ചുവരുത്തിയതാണെന്നാണ് പോലീസ് വാദം. സര്‍വകലാശാലാ രജിസ്ട്രാര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് മീററ്റ് ഐജി വ്യക്തമാക്കി. പോലീസ് എത്തിയത് രജിസ്ട്രാര്‍ അയച്ച കത്ത് പ്രകാരമാണെന്നും മീററ്റ് ഐ.ജി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.






