കൊച്ചി: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയെന്ന കേസില്‍ മോഡല്‍ രശ്മി ആര് നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ പെണ്‍വാണിഭം കണ്ടെത്താന്‍ പോലീസ് നടത്തിയ ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
രശ്മി, ഭര്‍ത്താവ് രാഹുല്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ബംഗളുരു പെണ്‍കുട്ടികളെ പ്രതികള്‍ പെണ്‍വാണിഭത്തിനായി കേരളത്തില്‍ എത്തിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഓണ്‍ലൈനിലൂടെ പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2015ലാണ് ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നെടുമ്പാശേരിയില്‍ വച്ചാണ് രശ്മിയും രാഹുലും സംഘവും പിടിയിലായത്. ഇപ്പോള്‍ ഐ.ജിയായിരിക്കുന്ന എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.






