
ഹൈദരാബാദ്: മതവും സംസ്കാരവും കണക്കിലെടുക്കാതെ തന്നെ ഇന്ത്യയിലെ 130 കോടി ജനതയേയും ആര്.എസ്.എസ് 'ഹിന്ദു സമൂഹം' ആയാണ് പരിഗണിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ഇന്ത്യ പരമ്പരാഗതമായി ഹിന്ദുത്വവാദിയാണ്.
ഇന്ത്യയെ മാതൃരാജ്യമായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരേയും ആര്.എസ്.എസ് ഹിന്ദു എന്നാണ് വിശേഷിപ്പിക്കുക. ഏതു ഭാഷ സംസാരിച്ചാലും ഏതു മതത്തില്‍ വിശ്വസിച്ചാലും ഏത് ആരാധന രീതി പിന്തുടര്ന്നാലും, ഇനി വിശ്വാസിയല്ലെങ്കിലും ഭാരതാംബയുടെ മകനാണെന്നതിനാല് ഹിന്ദുവായിരിക്കും.- ഹൈദരാബാദില്‍ ബുധനാഴ്ച നടത്തിയ ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ജനതയേയും സംഘ് ഹിന്ദു സമൂഹമായാണ് കാണുന്നത്. എല്ലാവരും തങ്ങളുടെ ഭാഗമാണെന്നും എല്ലാവരുടെയും വികസനവുമാണ് ആര്.എസ്.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമ്പരാഗത ചിന്തയുമായി മുന്നോട്ടുപോകണം. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണ് ആര്.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയം കൊണ്ട് മാത്രം രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. രാജ്യത്തെ ജനങ്ങളാണ് മാറ്റം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.






