
മെല്‍ബണ്‍ : വര്‍ഷങ്ങളോളം സൂക്ഷിച്ചു വെച്ച കല്ല് 460കോടി വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ഉല്‍ക്കാശിലയെന്ന് ശാസ്ത്രലോകം. ഡേവിഡ് ഹോള്‍ എന്നയാള്‍ ഉള്ളില്‍ സ്വര്ണകട്ടിയുണ്ടെന്ന് കരുതിയാണ് ഈ കല്ല് സൂക്ഷിച്ചു വെച്ചത്. 2015ല്‍ മെല്‍ബണിന് സമീപമുളള മേരിബറോ റീജിണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ അപൂര്‍വ്വ ശില ഇദ്ദേഹത്തിന് കിട്ടിയത്. സ്വര്‍ണശേഖരത്തിന് പേരുകേട്ട സ്ഥലമാണ് മേരിബറോ.
ഈ കല്ലിന് അകത്ത് സ്വര്‍ണക്കട്ടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ശില ഡേവിഡ് ഹോള്‍ എടുത്തത്. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി കല്ല് പൊട്ടിച്ചുനോക്കാന്‍ ഡേവിഡ് ശ്രമിച്ചു. ഗ്രൈന്‍ഡര്‍, ഡ്രില്ല് എന്നിവ ഉപയോഗിച്ച് ഇത് പൊട്ടിച്ചുനോക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആസിഡില്‍ മുക്കിവെച്ചും ഇരുമ്പ് ചുറ്റികയ്ക്ക് അടിച്ചും കല്ല് തുറക്കാനുളള ശ്രമവും പരാജയമാകുകയായിരുന്നു. പിന്നീട് ഇത് വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. കാര്‍ബണ്‍ ഡേറ്റിങ് അനുസരിച്ച് ഇത് ഭൂമിയില്‍ പതിച്ചിട്ട് 100 മുതല്‍ ആയിരം വര്‍ഷം വരെ പഴക്കമാകാമെന്ന് ശാസ്ത്രവിദഗ്ധര്‍ പറയുന്നത്.
ഓസ്ട്രേലിയയുടെ വിക്ടോറിയ സ്റ്റേറ്റില്‍ കണ്ടെത്തിയ 17 അപൂര്‍വ്വ ഇനം ഉല്‍ക്കങ്ങളില്‍ ഒന്നാണിത്. ഇത് സ്വര്‍ണത്തെക്കാള്‍ മൂല്യമേറിയതാണെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു. 17 കിലോഗ്രാം തൂക്കമുണ്ട് ഇതിന്. ഡയമണ്ട് ഉപയോഗിച്ചാണ് ഇത് കുറച്ചെങ്കിലും പൊട്ടിക്കാന്‍ സാധിച്ചത്. ഇതില്‍ വലിയ തോതില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും, ലോഹധാതുക്കളാല് സമ്പന്നമാണ് ഈ ശിലയെന്നും ശാസ്ത്രലോകം പറയുന്നു.






