
ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ അടുത്ത ഘട്ടത്തിലെ നീക്കങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം രാജ്യത്തുനിന്ന് രൊഹിന്ഗ്യന് അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയതു മുതല്‍ ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മുവില്‍ വെള്ളിയാഴ്ച ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ജിതേന്ദ്ര സിംഗ് നിലപാട് വ്യക്തമാക്കിയത്. രൊഹിന്ഗ്യകളെ പുറത്താക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രൊഹിന്ഗ്യകള് മൂന്നു അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ മത വിഭാഗങ്ങളിലും പെടുന്നവരല്ല. അവര്‍ മ്യാന്മറില് നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അവിടേക്ക് മടങ്ങിപ്പോകണം. അവര്‍ സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരല്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന രാജ്യം നല്‍കില്ല. അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ ഓരോന്നായി പരിശോധിച്ചുവരികയാണ്. മ്യാന്മര് സായുധ സേനയില്‍ നിന്നും പീഡനം ഏറ്റതോടെ 2011 അവസാനം മുതലാണ് രൊഹിന്ഗ്യകള് വടക്കുകിഴക്കന്‍ മേഖലയില്‍ കയറിപ്പറ്റിയത്. യു.എന്‍ മനുഷ്യാവകാശ കമ്മീഷനും രജിസ്റ്റര്‍ ചെയ്ത കണക്ക് പ്രകാരം 14,000 രൊഹിന്ഗ്യന് അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ ഉണ്ട്. എന്നാല്‍ 40,000 ഓളം രൊഹിന്ഗ്യകള് അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
2017 മുതല്‍ റൊഹിന്‍ഗ്യകള്‍ ഉള്‍പ്പെടെ 22 മ്യാന്മര് പൗരന്മാരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മ്യാന്മറിലെ രഖിനെയില്‍ 2017ല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനു പിന്നാലെയാണ് രൊഹിന്ഗ്യന് മുസ്ലീമുകള്‍ പലായനം ആരംഭിച്ചത്. ഈ കാലയളവില്‍ 6.7 ലക്ഷം രൊഹിന്ഗ്യകള് ബംാദേശില് എത്തിയിട്ടുണ്ടെന്നാണ് സൂചന. അതിനു മുന്‍പ് 2.13 ലക്ഷം രൊഹിന്ഗ്യകള് മ്യാന്മര് വിട്ടിട്ടുണ്ട്.






