
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്കേറ്റു. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഒറ്റപ്പാലത്ത് നിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സർവീസ് നടത്തുന്ന ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ബസിന്റെ ഡോർ തുറന്നതോടെ മുഹമ്മദ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് വിവരം.
സംഭവസമയത്ത് ബസിൽ 130-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തിരക്ക് കാരണം ആയക്കാട് സ്റ്റോപ്പിൽ ബസ് നിർത്തിയിരുന്നില്ല. സ്റ്റോപ്പിൽ നിന്ന് ഏകദേശം 20 അടി മുന്നോട്ട് നീങ്ങിയ ശേഷമാണ് മുഹമ്മദ് റോഡിലേക്ക് വീണത്.
പരിക്കേറ്റ മുഹമ്മദിനെ ഉടൻ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് തൊട്ടുമുമ്പ് പുളിങ്കുട്ടം ബസ് സ്റ്റോപ്പിൽ നിന്ന് മുൻവാതിലിലൂടെ ഇറങ്ങിയ അദ്ദേഹം പിന്നിലെ വാതിലിലൂടെ ബസിൽ കയറി ഡോർ അടച്ചതായാണ് യാത്രക്കാർ പറയുന്നത്. അമിത തിരക്ക് കാരണം ഡോർ പൂർണമായി അടയാതെ തുറന്നുപോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.






