ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ വാര്ഡന്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെയും അഞ്ച് വിദ്യാര്‍ത്ഥികളുടെയും മൊഴിയും അക്രമികളെ തിരിച്ചറിയാന്‍ സഹായകരമായി.
ആക്രമണം ആസൂത്രണം ചെയ്യുന്നതിനായി രൂപീകരിച്ച യൂണിറ്റി എഗനിസ്റ്റ് ലെഫ്റ്റ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. അറുപതോളം പേരില്‍ നിന്നുമാണ് 37 അക്രമികളെ തിരിച്ചറിഞ്ഞത്. ജെ.എന്‍.യു ക്യാംപസിലേക്ക് അക്രമികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന വഴികള്‍ അടക്കം ഈ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷ ഐയ്ഷി ഘോഷിനെ അടക്കം ക്രൂരമായി ആക്രമിച്ച സംഭവം നടന്ന അന്ന് തന്നെയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.






