
താമരശ്ശേരി : കൂടത്തായി പരമ്പര കൊലക്കേസില്‍ മജിസ്ട്രേറ്റിന് മുന്‍പാകെ തനിക്കെതിരെ രഹസ്യമൊഴി നല്കിയ സാക്ഷിയോട് കോടതിക്കുള്ളില്‍ സംസാരിച്ച് കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷകളില് ഒരാളുമായ പി.എച്ച് ജോസഫ് ഹില്ലാരിയോസാണ് റിമാന്റ് പ്രതിയായ ജോളിയുമായി വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ സംസാരിച്ചത്.
കടലക്കറിയിലും കുടിവെള്ളത്തിലും കലര്‍ന്ന സയനൈഡ് ഉള്ളില്‍ച്ചെന്ന് 2011 സെപ്റ്റംബര്‍ 30 ന് ജോളിയുടെ ഭര്‍ത്താവ് റോയി തോമസ് കൊല്ലപ്പെട്ടപ്പോള്‍ ജോസഫ് ഹില്ലാരിയോസ് ആയിരുന്നു സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്ന്നാന് കോടഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍ക്വിസ്റ്റ് നടത്തുകയും ചെയ്തത്.
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പരേതരുടെ കല്ലറകള്‍ പൊളിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചപ്പോള്‍ നിയമസഹായം തേടി 2019 നവംബര്‍ മൂന്നിനും കല്ലറ പൊളിച്ച നാലാം തീയതിയും അഭിഭാഷകര്‍ എം.അശോകനെ കണ്ടപ്പോള്‍ ജോസ്,ഡോണ്‍ ബോസ്കോ, ജോളിയുടെ മകന് എന്നിവര്‍ക്കൊപ്പം ജോസഫും ഉണ്ടായിരുന്നു.
സഹോദരന് തോമസ് ഹില്ലായിയോസ് പിതാവിന്റെ സ്വത്ത് ഭാഗം വെച്ചതുമായി ബന്ധപ്പെട്ട് നല്കിയ കേസില്‍ ഹാജരാകാനാണ് താന്‍ അന്ന് കോടതിയില്‍ എത്തിയത്. കോടതിയില്‍ തന്നെ കണ്ടപ്പോള്‍ ജോളി അടുത്തേയ്ക്ക് വരികയും കുടുംബത്തിലെ മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് അന്വേഷിച്ചെന്നുമാണ് ജോസഫ് ഹില്ലാരിയോസ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയ്ക്ക് നല്കിയ വിശദീകരണം.
സിലി വധക്കേസില്‍ റിമാന്റ് കാലാവധി നീട്ടുന്നതിനായി ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവേ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൂടത്തായി കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ക്ക് എതിരായ ഹര്‍ജി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ആദ്യമായി പരിഗണിച്ചതും അന്നായിരുന്നു.






