
ബജാജ് ഡോമിനര്‍ മോട്ടോര്‍സൈക്കിളിന്റെ ചെറിയ വേര്‍ഷന്‍ ഉടൻ തന്നെ വിപണിയിലെത്തിയേക്കും. 1.63 ലക്ഷം രൂപയാണ് ബജാജ് ഡോമിനര്‍ 400 (373.3 സിസി) എന്ന പ്രീമിയം മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്സ് ഷോറൂം വില.
അതുകൊണ്ടുതന്നെ ചെറിയ ഡോമിനറിന് സാധ്യതയുണ്ട്. 250 സിസി ഡോമിനര്‍ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. പള്‍സര്‍, ഡിസ്കവര് നിര പോലെ ഡോമിനര്‍ ബ്രാന്‍ഡില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനാണ് ബജാജ് ഓട്ടോയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.
ചെറിയ ബജാജ് ഡോമിനര്‍ മുമ്പ് പരീക്ഷണ ഓട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു. ഈ മോട്ടോര്‍സൈക്കിളില്‍ വണ്ണം കുറഞ്ഞ ടയറുകളും വ്യത്യസ്തമായ ചക്രങ്ങളുമാണ് ഉള്ളത്. ഡിസ്ക് ബ്രേക്കുകള്‍ വളരെ ചെറുതാണ്. ചെയിന്‍ കവര്‍ ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിൽ ഉള്ളതുപോലെയല്ല . മുന്നിലെ യുഎസ്ഡി (അപ്സൈഡ് ഡൗണ്‍) ഫോര്‍ക്കുകള്‍ ഉള്‍പ്പെടെ ബാക്കി എല്ലാ സൈക്കിള്‍ പാര്‍ട്ടുകളും ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് സമാനമാണ്.
ഡോമിനര്‍ 250 വിപണിയിലെത്തിക്കുന്നതോടെ, ഡോമിനര്‍ ബ്രാന്‍ഡിന് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ചെറിയ ഡോമിനറിന് കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 250 സിസി എന്ജിന് നല്‍കിയേക്കും. ചെറിയ ശേഷിയുള്ള എന്ജിന് സഹിതം ചെറിയ ഡോമിനര്‍ വരുന്നതോടെ പള്‍സര്‍ ആര്‍എസ് 200, ഡോമിനര്‍ 400 ബൈക്കുകള്‍ക്കിടയിലെ വലിയ വിടവ് നികത്താന്‍ ബജാജിന് കഴിയും.






