
ദാവോസ് (സ്വിറ്റ്സര്‍ലന്‍ഡ്): ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് കഴിഞ്ഞ കേന്ദ്രബജറ്റിനേക്കാള്‍ കൂടുതല്‍. ഇന്ത്യയിലെ അതിസമ്പന്നരായ ഒരുശതമാനം ആളുകളുടെ െകെവശമുള്ളത് 95.30 കോടി നിര്‍ധനരുടെ െകെയിലുള്ളതിനേക്കാള് കൂടുതല്‍ പണം!
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെ വര്‍ധിക്കുകയാണെന്നു ദാവോസില്‍ ലോക സാമ്പത്തിക ഫോറം സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി ഓക്സ്ഫാം എന്ന മനുഷ്യാവകാശ സംഘടന പുറത്തിറക്കിയ െടെം ടു കെയര്‍ എന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
* ഒരു ദശകത്തിനിടെ, ലോകത്തു ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി. ഇവരുടെ മൊത്തം ആസ്തി കഴിഞ്ഞ വര്‍ഷം അല്‍പ്പം കുറഞ്ഞെന്നേയുള്ളൂ.
*2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റ് 24,42,200 കോടി രൂപയുടേതായിരുന്നു. 63 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് അതിലുമേറെയാണെന്ന് ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹര്‍ ചൂണ്ടിക്കാട്ടുന്നു.
*സാധാരണക്കാരുടെ, പ്രത്യേകിച്ച് ദരിദ്രരായ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിയര്‍പ്പ് ചൂഷണം ചെയ്താണു സമ്പന്നര്‍ അതിസമ്പന്നരായി വളരുന്നതെന്ന വസ്തുതയ്ക്കും റിപ്പോര്‍ട്ട് അടിവരയിടുന്നു. അസമത്വത്തിന്റെയും ചൂഷണത്തിന്റെയും ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ...
*ഇന്ത്യയിലെ ഒരു വലിയ സാങ്കേതിക സ്ഥാപനത്തിന്റെ സി.ഇ.ഒയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന് ഒപ്പമെത്തണമെങ്കില്‍ ഒരു വീട്ടുജോലിക്കാരി 22,277 വര്‍ഷം ജോലി ചെയ്യണം!
*ഈ സി.ഇ.ഒ. ഓരോ സെക്കന്‍ഡിലും നേടുന്നതു 106 രൂപ. അയാളുടെ 10 മിനിറ്റിലെ വരുമാനം നേടണമെങ്കില്‍ ഒരു വീട്ടുജോലിക്കാരി ഒരു വര്‍ഷം ജോലി ചെയ്യണം.
*ഇന്ത്യയില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഓരോ ദിവസവും പ്രതിഫലമില്ലാതെ ജോലി ചെയ്യുന്നത് 326 കോടി പ്രവൃത്തിമണിക്കൂറുകള്. അവര്‍ക്കെല്ലാം കൂടി ഒരു വര്‍ഷം കിട്ടാതെപോകുന്നത് 19 ലക്ഷം കോടി രൂപ. ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാഭ്യാസ ബജറ്റിന്റെ (93,000 കോടി രൂപ) 20 മടങ്ങ്.
*ലോകത്തെ അതിസമ്പന്നര്‍ സ്വത്തിന്റെ അര ശതമാനം അധികനികുതി നല്കിയാല് ലോകത്ത് വയോജന/ശിശു ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം മേഖലകളില്‍ 1.17 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന നിക്ഷേപങ്ങള്‍ നടത്താം.
*ലോകത്തെ 2,153 ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് ലോക ജനസംഖ്യയുടെ 60 ശതമാനം (460 കോടി) ജനങ്ങളുടെ െകെയിലുള്ളതിനേക്കാള് കൂടുതല്‍.
*ലോക ധനവാന്മാരുടെ പട്ടികയിലെ ആദ്യത്തെ 22 പേരുടെ മൊത്തം ആസ്തി ആഫ്രിക്കയിലെ മൊത്തം സ്ത്രീകളുടെ പണത്തിലും അധികമാണ്.
*ലോകത്തു സ്ത്രീകളും പെണ്‍കുട്ടികളുടെയും 1250 കോടി മണിക്കൂര്‍ അധ്വാനത്തിനു പ്രതിഫലം കിട്ടുന്നില്ല.
*ഭാഗ്യവാന്മാരായ ചുരുക്കം പേര്‍ക്കു വേണ്ടിയല്ലാതെ, പാവപ്പെട്ടവരെ പരിഗണിക്കുന്ന സഹാനുഭൂതിയുള്ള സമ്പദ്വ്യവസ്ഥകള്‍ക്കു വേണ്ടിയാകണം സര്‍ക്കാരുകളുടെ പ്രവര്‍ത്തനമെന്നു റിപ്പോര്‍ട്ട് പറയുന്നു.






