
ഹ്യുണ്ടായ്യുടെ പുതിയ കോംപാക്ട് സെഡാൻ ഓറ വിപണിയിൽ. ഓറയുടെ വില 5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ്. പെട്രോൾ, ഡീസൽ എൻജിനുകളിൽ ഓറ ലഭിക്കും. ഹ്യുണ്ടായ് ശ്രേണിയിലെ കോംപാക്ട് സെഡാനായ എക്സെന്റിന്റെ പകരക്കാരനായിട്ടാണ് ഓറയുടെ വരവ്.
പെട്രോൾ 1.2 ലീറ്റർ വകഭേദത്തിന്റെ വില 5.79 ലക്ഷം മുതൽ 8.04 ലക്ഷം രൂപ വരെയും 1.0 ലീറ്റർ പെട്രോളിന്റെ വില 8.54 ലക്ഷം രൂപയുമാണ്. 7.73 ലക്ഷം മുതൽ 9.22 ലക്ഷം രൂപ ആണ് 1.2 ലീറ്റർ ഡീസൽ വകഭേദത്തിന്റെ വില .
വിപണിയിൽ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമെയ്സ്, ഫോഡ് ആസ്പയർ എന്നീ വാഹനങ്ങൾ ആയിരിക്കും എതിരാളികൾ. ഓറ വിൽപനയ്ക്കെത്തിയ ശേഷവും എക്സെന്റ് വിപണിയിൽ തുടരുമെന്നു ഹ്യുണ്ടേയ് വ്യക്തമാക്കിയിട്ടുണ്ട്. എക്സെന്റിന്റെ വിൽപന ഫ്ളീറ്റ്, ടാക്സി ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ടാകും.
ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്ന മൂന്നു എൻജിനുകളോടായാണ് ഓറ എത്തുന്നത്. ഇതിൽ രണ്ടെണ്ണം പെട്രോളും ഒരെണ്ണം ഡീസലുമാണ്. 1.2 ലീറ്റർ കാപ്പാ ഡ്യുവൽ വി ടി വി ടിയും ഒരു ലീറ്റർ കാപ്പ ടർബോ ജിഡിഐയും കൂടാതെ 1.2 ലീറ്റർ യു ടു സി ആർ ഡി ഐ ഇകോടോർക് ഡീസൽ എൻജിൻ സഹിതവും കാർ ലഭ്യമാവും. കോംപാക്ട് സെഡാൻ വിഭാഗത്തിൽ ടർബോ പെട്രോൾ എൻജിനോടെ ലഭ്യമാവുന്ന ആദ്യ മോഡലായിരിക്കും ഓറ.
3995 എംഎം നീളവും 1680 എംഎം വീതിയും 1520 എംഎം ഉയരവുമുണ്ട് കാറിന്. വീൽ ബെയ്സ് 2450 എംഎമ്മാണ്. സെഗ്മെന്റിൽ ആദ്യമായി വയർലെസ് ചാർജർ, ഔട്സൈഡ് ഡോർഹാൻഡിൽ ക്രോം, ലതർ പൊതിഞ്ഞ ഗിയർനോബ്, ഡ്രൈവർ റിയർവ്യൂ മോണിറ്റർ, ഇക്കോ കോട്ടിങ്, എമർജൻസി സ്റ്റോപ് സിഗ്നൽ, എയർ കർട്ടൻ എന്നീ ഫീച്ചറുകളോടെയാണ് ഓറ വരുന്നത്. പ്രൊജക്റ്റർ ഫോഗ്ലാംപുകളും 5.3 ഇഞ്ച് ഡിജിറ്റൽ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയും 8 ഇഞ്ച് ടച്ച് ഇൻഫോടൈൻമെന്റ് സിസ്റ്റവും ഉണ്ട്.






