
ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ഔദ്യോഗികമായി സഖ്യം പ്രഖ്യാപിച്ചു. 2022 ല്‍ ഈ സഖ്യത്തിന്റെ ബൈക്കുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന. എല്ലാ ബൈക്കുകളും ബജാജിന്റെ മഹാരാഷ്ട്രയിലെ ചാകണ് പ്ലാന്റില്‍ നിര്‍മിക്കും.ബജാജ് നിര്‍മിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് ബാഡ്ജിലായിരിക്കും വില്‍ക്കുന്നത്. ട്രയംഫിന്റെ 'പൈതൃക' നാമങ്ങളായിരിക്കും ബൈക്കുകള്‍ക്ക് നല്‍കുന്നത്.
ബജാജ്-ട്രയംഫ് സഖ്യത്തില്‍നിന്ന് പുറത്തുവരുന്ന എന്‍ട്രി ലെവല്‍ ബൈക്കിന് രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില തുടങ്ങുന്നതെന്ന് ഇരു ബ്രാന്‍ഡുകളും വ്യക്തമാക്കി. ഈ മോട്ടോര്‍സൈക്കിളിന് 200 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും കരുത്തേകുന്നതെന്നാണ് സൂചന. 200 സിസി മുതല്‍ 750 സിസി വരെയുള്ള നിരവധി മോഡലുകള്‍ വികസിപ്പിക്കുകയാണ് ഇരു കൂട്ടരുടെയും പദ്ധതി.
രണ്ട് ബ്രാന്‍ഡുകളും രൂപകല്‍പ്പന, നിര്‍മാണം എന്നീ കാര്യങ്ങളില്‍ സഹകരിക്കും. ഇന്ത്യയിലും മറ്റുചില വിപണികളിലും എല്ലാ ശേഷികളിലുമുള്ള ട്രയംഫ് ബൈക്കുകള്‍ ബജാജ് വിതരണം ചെയ്യുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ പോള്‍ സ്ട്രോഡ് പറഞ്ഞു. എന്നാല്‍ , ട്രയംഫ് ആയിരിക്കും ബജാജുമായി നിര്‍മിക്കുന്ന പുതിയ മോഡലുകള്‍ ആഗോള വിപണികളില്‍ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.






