
ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി സിയാസ് വിപണിയില് അവതരിപ്പിച്ചു. മാരുതി സുസുകിയുടെ പതിനൊന്നാമത്തെ ബിഎസ് 6 മോഡലാണ് സിയാസ്. പെട്രോള് എന്ജിന് ഓപ്ഷനില് മാത്രമായിരിക്കും ലഭിക്കുന്നത്. സിഗ്മ, ഡെല്റ്റ, സീറ്റ, ആല്ഫ എന്നീ നാല് വേരിയന്റുകള് കൂടാതെ പുതുതായി സിയാസ് എസ് എന്ന സ്പോര്ട്ടി വേരിയന്റ് വിപണിയില് അവതരിപ്പിച്ചു. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള് വിവിധ വേരിയന്റുകളുടെ വില 11,000 മുതല് 22,000 രൂപ വരെ വര്ധിച്ചു. 8.31 ലക്ഷം മുതല് 11.09 ലക്ഷം രൂപ വരെയാണ് ഡെല്ഹി എക്സ് ഷോറൂം വില. സിയാസ് എസ് വേരിയന്റിന് വില 10.08 ലക്ഷം രൂപയാണ്.
സിയാസ് എസ് വേരിയന്റ് ടോപ് സ്പെക് ആല്ഫ മാന്വല് വേരിയന്റ് അടിസ്ഥാനമാക്കിയാണ് നിര്മിച്ചിരിക്കുന്നത്. സാങ്രിയ റെഡ്, പ്രീമിയം സില്വര്, പേള് സ്നോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളില് സിയാസ് എസ് ലഭിക്കും. മള്ട്ടി സ്പോക്ക് 16 ഇഞ്ച് അലോയ് വീലുകള്ക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്കി. പൂര്ണമായും കറുപ്പ് നിറത്തിലാണ് ഇന്റീരിയര്. എന്നാല് ഡോര് ട്രിമ്മിലും ഇന്സ്ട്രുമെന്റ് പാനലിലും സില്വര് നിറം ഉണ്ട്. സാധാരണ വേരിയന്റുകളുടെ കാബിനില് ഇളം തവിട്ടുനിറത്തിലും കറുപ്പിലുമുള്ള ഡുവല് ടോണ് തീം തുടരും.
മാരുതി സുസുകി സിയാസ് ഇന്ത്യയില് ഏറ്റവും ജനപ്രീതി നേടിയ മിഡ്സൈസ് സെഡാനാണ്. ഇതുവരെയായി 2.7 ലക്ഷത്തോളം ഉപയോക്താക്കളെ സ്വന്തമാക്കാന് കഴിഞ്ഞു. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര് പെട്രോള് എന്ജിനാണ് ലഭിക്കുന്നത്. ഈ മോട്ടോര് 105 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. സുസുകിയുടെ സ്മാര്ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്കി.







Comments