
പത്മശ്രീ പുരസ്കാരം ലഭിച്ച ഹരേക്കള ഹജ്ജബ്ബ എന്ന മധുരനാരങ്ങ വില്‍പ്പനക്കാരനെ കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഇദ്ദേഹത്തെ പോലെ ഒരാള്‍ക്ക് രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചതെന്നല്ലേ ?. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഏവര്‍ക്കും മാതൃകയായത് കൊണ്ട് തന്നെ. ശിവമോഗയിലെ കൂവേമ്പു സര്‍വകലാശാല, ധാര്‍വാഡിലെ കര്‍ണാടക സര്‍വകലാശാല, മംഗളൂരു സര്‍വകലാശാല എന്നിവിടങ്ങളിലും ഹജ്ജബ്ബ പാഠ്യവിഷയമാണ്. തന്റെ തുച്ഛമായ വരുമാനം കൊണ്ട് ഗ്രാമത്തില്‍ ഒരു സ്കൂള്‍ തന്നെയാണ് ഇദ്ദേഹം നടത്തുന്നത്.
ഇരുപത് വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ പുരസ്കാര നിറവിലെത്തിച്ച തീരുമാനം കൈക്കൊണ്ടത്. മംഗളൂരു ഹംമ്പന്‍കട്ടെ ജംക്ഷനില്‍ രണ്ട് വിദേശികള്‍ നാരങ്ങ വാങ്ങാനെത്തി. അവര്‍ ഇംഗ്ലീഷില്‍ പറഞ്ഞതൊന്നും ഹജ്ജബ്ബയ്ക്ക് മനസ്സിലായില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഹജ്ജബ്ബ അന്ന് തിരിച്ചറിഞ്ഞു. ഗ്രാമത്തിലെ വരും തലമുറയ്ക്ക് ഈ ദുരവസ്ഥയില്‍ നിന്ന് മോചനമുണ്ടാവണമെന്ന് ഹജ്ജബ്ബ ചിന്തിച്ചു. തുടര്‍ന്നു ന്യൂപദുപ്പിലെ മുസ്ലീം പള്ളിയുടെ ഒരു മുറി തരപ്പെടുത്തിയ ഹജ്ജബ്ബ 1999ലാണു സ്കൂളിനു തുടക്കം കുറിക്കുന്നത്. പ്രദേശത്തെ സ്കൂളില്‍ പോകാതെ ബീഡി തെറുക്കാനും മറ്റും പഠിക്കുന്ന ഏതാനും കുട്ടികളെ കണ്ടെത്തി അവിടെ എത്തിച്ചു. ഒരു അധ്യാപകനെയും നിയമിച്ചു. അധ്യാപകന്റെ ശമ്പളവും സ്കൂളിന്റെ മറ്റ് ചിലകളുമെല്ലാം നാരങ്ങാ വിറ്റു കിട്ടുന്ന തന്റെ വരുമാനത്തില്‍ നിന്നു കണ്ടെത്തി.
ആദ്യമൊക്കെ പലരും ഇദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പരിഹസിച്ചവരും അദ്ദേഹത്തിന്റെ കൂടെ നിന്നു. കുട്ടികളുടെ എണ്ണം കൂടിയതോടെ പള്ളിയില്‍ നിന്ന് പഠനം വാടകക്കെട്ടിടത്തിലേക്ക് മാറ്റി. നിരന്തര ശ്രമ ഫലമായി സ്കൂളിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. പലരില്‍ നിന്നും കടവും സംഭാവനയും ഒക്കെ വാങ്ങി സ്വന്തം കെട്ടിടം പണിതു. സ്കൂള്‍ പിന്നീട് സര്‍ക്കാരിനു കൈമാറി ദക്ഷിണ കന്നട ജില്ലാ പഞ്ചായത്ത് ഹയര്‍ പ്രൈമറി സ്കൂളായി മാറി. തുടര്‍ന്ന് ഇത് ഹൈസ്കൂള്‍ ആക്കുന്നതിനായി ഹജ്ജബ്ബയുടെ ശ്രമം. അതും സാധിച്ചു. ഇനി പ്ലസ്ടു (പിയുസി) കൂടി ആരംഭിച്ചു കിട്ടാനുള്ള ശ്രമത്തിലാണു ഹജ്ജബ്ബ. കേരളത്തിലെ പത്താം ക്ലാസ് സാമൂഹികപാഠത്തില്‍ അധ്യായം 10 പൗരബോധത്തില്‍ പ്രവേശക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹജ്ജബ്ബയെ പരിചയപ്പെടുത്തുന്നുണ്ട്. 'ഒരുപാട് സന്തോഷമുണ്ട്. ഈ ബഹുമതി എന്റെ സ്കൂളിന് സമര്‍പ്പിക്കുന്നു.'പുരസ്കാര നേട്ടത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.






