
ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന് ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയിലെത്തി. 3.22 കോടി രൂപയാണ് ഈ മോഡലിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഓള് വീല്‍ ഡ്രൈവ് ഇവോയിക്കും ഇവോ സ്പൈഡറിനുമൊപ്പമായിരിക്കും ഈ വാഹനവും വില്‍പ്പനയ്ക്കെത്തുക. ഇവോയുടെ പുതിയ പതിപ്പെന്ന് ഈ വാഹനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍, പുതിയ ഡ്രൈവിങ്ങ് അനുഭവം പകരാന്‍ കഴിയുന്ന മാറ്റങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഹുറാകാന് ഇവോയ്ക്ക് കരുത്തേകുന്ന എന്ജിന് തന്നെയാണ് ഈ വാഹനത്തിലുമുള്ളത്. 5.2 ലിറ്റര്‍ വി 10 എന്‍ജിനാണിത്. 594 ബി.എച്ച്. പി. കരുത്ത് നല്കുന്ന ഈ എന്‍ജിന്റെ പരമാവധി ടോര്‍ക് 550 എന്‍.എമ്മാണ്.
പരമാവധി വേഗത മണിക്കൂറില്‍ 323 കിലോമീറ്ററുള്ള ഈ വാഹനം പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത് 3.3 സെക്കന്‍ഡുകള്‍ മാത്രമാണ്. ലുക്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫ്രെണ്ട് സ്പ്ലിറ്ററിലും എയര്‍ ഇന്‍ടേക്കിലും വരുത്തിയ മാറ്റങ്ങളിലൂടെയാണ് മുന്നില്‍ പുതുമ നല്‍കിയിട്ടുള്ളത്.
പിന്നില്‍ പുതിയ ഡിഫ്യൂസര്‍ നല്കിയതും പുതുമയാണ്. സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനുണ്ട്. ക്ലൈമെറ്റ് കണ്ട്രോള് മുതല്‍ അഡ്വാന്‍സ്ഡ് വോയ്സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെര്‍ഫോമെന്‍സ് ട്രാക്ഷന്‍ കണ്ട്രോളാണ് ഇതില്‍ പ്രധാനം. കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന സെന്‍സറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.






