
ബിഎസ് 6 പാലിക്കുന്ന റെനോ ക്വിഡ് ഹാച്ച്ബാക്ക് വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ വേരിയന്റുകള്‍ക്കും 9,000 രൂപ വില വര്‍ധിച്ചു. 2.92 ലക്ഷം മുതല്‍ 5.01 ലക്ഷം രൂപ വരെയാണ് (ക്ലൈംബര്‍ (ഒ) ഓട്ടോമാറ്റിക്) ഡെല്‍ഹി എക്സ് ഷോറൂം വില. ആകെ 12 ട്രിമ്മുകളിലായി 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്ജിന് ഓപ്ഷനുകളില്‍ റെനോ ക്വിഡ് തുടര്‍ന്നും ലഭിക്കും.
53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് 0.8 ലിറ്റര്‍ പെട്രോള്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്‍. മാരുതി സുസുകി എസ്-പ്രെസോ, ഹ്യുണ്ടായ് സാന്‍ട്രോ, ടാറ്റ ടിയാഗോ എന്നിവയാണ് എതിരാളികള്‍.
കഴിഞ്ഞ ഒക്റ്റോബറില്‍ ഒരുപാട് മാറ്റങ്ങളുമായി പുതിയ റെനോ ക്വിഡ് വിപണിയിലെത്തിയിരുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാംപുകള്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ക്വിഡ് എത്തിയത്. പുതിയ ഫാബ്രിക് സീറ്റുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം 8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് കാമറ, റിയര്‍ സീറ്റ് ആം റെസ്റ്റ് എന്നിവ ലഭിച്ചു. ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.






