
സോഷ്യല്‍മീഡിയ നെഞ്ചേറ്റിയ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി നന്ദുമഹാദേവ. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകുന്ന നന്ദു തന്റെ പുതിയ വിശേഷവുമായി വന്നിരിക്കുകയാണ്.
തന്നെ കീഴപ്പെടുത്താനെത്തിയ അര്‍ബുദത്തിന് ഒരു കാല് കൊടുത്തിട്ടും, വിടാതെ പിടിച്ച ആ ഞണ്ടിന് ശ്വാസകോശവും കൊടുത്ത് തിരിച്ചുവന്നിരിക്കുന്നുവെന്നാണ് നന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചത്. നന്ദുവിന്റെ ഒറ്റയാള്‍ പോരാട്ടത്തെക്കുറിച്ച്...
ഈ വര്‍ഷത്തെ ഏറ്റവും പ്രചോദനാത്മകമായ പുതുവത്സരാശംസകളാണ് കീമോ വാര്‍ഡില്‍ കിടന്ന് നന്ദു ആശംസിച്ചത്.
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പക്ഷേ... പുകയരുത്... ജ്വലിക്കണം!! ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന മരണം എന്ന വാക്കിനെക്കുറിച്ചാണ് പുതുവര്‍ഷത്തില്‍ നന്ദു പങ്കുവച്ചത്.
നാളെ മരിക്കും എന്ന വിചാരംകൊണ്ട് ഇന്നു ജീവിക്കാന്‍ മറന്നുപോകുന്നവര്‍, ജീവിക്കാന്‍ മടുത്തുപോയവരുടെ ജീവിതമാണ് ശരിക്കുള്ള മരണം.
ജനിച്ചാല്‍ എന്നായാലും മരിക്കും. എത്രനാള്‍ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം, പേടിക്കരുത് പേടിച്ചാല്‍ മരണംവരെ പേടിക്കേണ്ടിവരും.. നന്ദുവിന്റെ വാക്കുകളാണിത്.
ജീവിതത്തെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കണമെങ്കില്‍, മനസൊന്ന് തളരുകയാണെങ്കില്‍ നന്ദുവിന്റെ ഫെയ്സ്ബുക്ക് പേജിലേക്കൊന്നു കയറിനോക്കിയാല്‍ മതി.
പിന്നെ ഒരു ആത്മവിശ്വാസമൊക്കെ ലഭിച്ചപോലെ തോന്നും.
നാളെ മുതല്‍ വീണ്ടും അതി ശക്തമായ മരുന്നുകളുടെ ലോകത്തേക്ക്. സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു.
അവള്‍ക്കെന്നോട് അടങ്ങാത്ത പ്രേമമാണത്രേ. ആദ്യം കാലില്‍ പിടിച്ചു പ്രേമിച്ചു. അതങ്ങു കൊടുത്തു ഞാന്‍. പിന്നെ ചങ്കില് കയറിക്കൂടി. കീമോ കൊടുത്തു ചുരുക്കി ഞാന്‍.
പിന്നെയും എന്നെ ശ്വാസം മുട്ടിച്ചപ്പോള്‍ ചങ്ക് പറിച്ചു കൊടുത്തു. ഇപ്പോള്‍ ദേ ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെ ചുറ്റിപ്പറ്റിയാണ് അവളുടെ കളി!
സര്‍ജറി ചെയ്യാന്‍ കഴിയാത്ത ഭാഗ ങ്ങളിലേക്ക് ഉള്‍വലിഞ്ഞുകൊണ്ട് എന്നെ ആക്രമിക്കുകയാണ്.
വലതു കൈയുടെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വരുന്നു. ഈ ഒരു മരുന്നില്‍ ഇത് ചുരുങ്ങിയില്ലെങ്കില്‍ ആവനാഴിയില്‍ അസ്ത്രമില്ലാതെ യുദ്ധം ചെയ്യുന്ന രാജകുമാരന്റെ അവസ്ഥയാകും എനിക്ക്.
ഈ ചക്രവ്യൂഹത്തില്‍ നിന്ന് ഇത്തവണ ഈ അഭിമന്യുവിന് പുറത്തു വന്നാലേ പറ്റൂ. ഒരേ സമയം മരുന്നിനോടും അര്‍ബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണ്.
നമ്മുടെ കൈയിലുള്ള ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന അനുഭവങ്ങളിലൂടെ ഞാന്‍ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ് ഇതെഴുതുന്നത്.
ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുന്നതിനും കൂട്ടുകാരന് കളിയാക്കിയതിനും പ്രണയം തകര്‍ന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാന്‍ വേണ്ടിയാണ്.
സത്യത്തില്‍ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് എനിക്ക് അര്‍ബുദത്തിലൂടെ കിട്ടിയത്.
എന്റെ വാക്കുകള്‍ മനസ്സ് തളര്‍ന്ന ഒത്തിരിപ്പേര്‍ക്ക് ആശ്വാസ മാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. അതെന്റെ നിയോഗമാണ് .
2018 ഏപ്രില്‍ ഒന്നിന് നന്ദുമഹാദേവ് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ തുടക്കമാണിത്.
ഒരു ജലദോഷപനി വന്നാല്‍ പോലും പേടിക്കുന്ന, നിസാര കാര്യങ്ങളില്‍ ജീവിതം അവസാനിപ്പിക്കുന്ന ആളുകള്‍ നന്ദുവിനെ കണ്ട് പഠിക്കണം.
തിരുവനന്തപുരം സ്വദേശിയാണ് നന്ദു.24 ാം വയസിലാണ് അര്‍ബുദം നന്ദുവിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയത്. നന്ദുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്നേഹിക്കാന്‍ തുടങ്ങിയത്. സാധാരണ അര്‍ബുദം സ്ഥിതീകരിക്കുന്നവര് വീട്ടില്‍ ഒതുങ്ങിയിരിക്കാറാണ് പതിവ്.
പക്ഷേ സമൂഹ മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ക്ക് പ്രചോദനമാവുകയാണ് ഈ ചെറുപ്പക്കാരന്. നന്ദു മഹാദേവ എന്ന പേരിലുള്ള അക്കൗണ്ടിലൂടെയും പേജിലൂടെയുമാണ് നന്ദു പോസ്റ്റുകള്‍ എഴുതുന്നത്.
ബി.സി.എ കഴിഞ്ഞ് അച്ഛനൊപ്പം കേറ്ററിങ് സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നന്ദുവിന് ക്യാന്‍സര്‍ പിടിപെടുന്നത്. ചികിത്സയുടെ ഭാഗമായി ഇടതുകാല് മുറിച്ചുമാറ്റേണ്ടിവന്നു. എന്നിട്ടും നന്ദു തളര്‍ന്നില്ല. പകരം ഒറ്റക്കാലില്‍ അമ്മയെ എടുത്ത് പൊക്കി നില്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് പ്രതികരിച്ചത്.
നമ്മള് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം. എങ്ങനെയാണ് എന്നല്ലേ? അവള് മുറുകെപ്പിടിച്ച ഭാഗമെല്ലാം വെട്ടിയെടുത്ത് നോക്കി, വീണ്ടും പഴയതിനേക്കാള്‍ ശക്തമായ കീമോ ചെയ്തുനോക്കി, ആ കീമോയുടെ ശക്തിയില്‍ ശരീരം മുഴുവന്‍ പിടഞ്ഞു, പല ഭാഗങ്ങിലും തൊലി അടര്‍ന്നു തെറിച്ചുപോയി.
ചുരുക്കിപ്പറഞ്ഞാല്‍ ദ്രോഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചുനോക്കി, എന്നിട്ടും അവള് പോയില്ല. ലോകത്തിലെ ഒരു പ്രണയ ജോഡിയും ഇണയെ ഇങ്ങനെ സ്നേഹിക്കില്ല.. രോഗത്തെ പ്രണയിനിയായിക്കണ്ട് നന്ദു പറയുന്നു.
കീമോ ചെയ്യുമ്പോള്‍ മനസാന്നിധ്യം കൈവിടാതെയും കൂട്ടുകാരോടൊപ്പം യാത്ര ചെയ്തും ചിരിച്ചും കളിച്ചുമെല്ലാം നന്ദു അര്‍ബുദത്തെ നേരിട്ടു. കുട്ടിക്കാലത്ത് കുത്തിവയ്പ്പിനെ പേടിച്ചിരുന്ന ഈ ചെറുപ്പക്കാരന് നേരിട്ടത് ശക്തമായ കീമോ തെറാപ്പികളാണ്.
ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം രോഗത്തില്‍ നിന്ന് അല്‍പ്പം ആശ്വാസം ലഭിച്ചെങ്കിലും അര്‍ബുദം വീണ്ടും നന്ദുവിനെ പിടികൂടി. ഇപ്പോള്‍ ശ്വാസകോശത്തിലാണ് ക്യാന്‍സര്‍.
കീമോയിലൂടെ അതിനെ ഇല്ലാതാക്കാന്‍ നോക്കിയിട്ടും കഴിഞ്ഞില്ല. ശസ്ത്രക്രിയ തന്നെ വേണം. കഴിഞ്ഞ ദിവസം നന്ദു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്ററിനോട് വളരെയധികംപേരാണ് പ്രതികരിച്ചത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടിനി ടോം അടക്കമുള്ള പല പ്രമുഖരും നന്ദു സുഖം പ്രാപിക്കട്ടെ എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
തന്നെ കാര്‍ന്നുതിന്നാന്‍ വന്ന അര്‍ബുദത്തെ പോലും നന്ദു സ്നേഹിക്കുകയാണ് ചെയ്തത്. സ്നേഹത്തിലൂടെ എല്ലാവരേയും പ്രചോദിപ്പിക്കുന്ന നന്ദുവിന് മുന്നില്‍ അര്‍ബുദം തീര്‍ച്ചയായും തോല്‍ക്കും, ഇല്ലെങ്കില്‍ നന്ദുവിന്റെ സ്നേഹം തോല്‍പ്പിക്കും.
ജോമോള്‍ ജോസ്