
നാലാം തലമുറ ഔഡി എ8 എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യൻ എക്സ് ഷോറൂം വില 1.56 കോടി രൂപയാണ്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോംഗ് വീല്‍ബേസ് (എല്‍ഡബ്ല്യുബി) വേര്‍ഷന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഔഡിയുടെ ഏറ്റവും മികച്ച സെഡാനാണ് എ8. മെഴ്സേഡസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് പ്രധാന എതിരാളികള്‍.
പുതിയ എ8നെ ഔഡി പ്രോലോഗ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. നേരെ നിവര്‍ന്ന മുന്‍ഭാഗം, ഉയര്‍ന്ന ഷോള്‍ഡര്‍ ലൈന്‍, ബോള്‍ഡ് & സ്പോര്‍ട്ടി ഡിസൈന്‍, പരന്ന റൂഫ്, ചെറുതായി ചെരിഞ്ഞിറങ്ങിയ പിന്‍വശം എന്നിവയോടെയാണ് പുതിയ ഔഡി എ8 വരുന്നത്. ക്രോം നിറഞ്ഞ ഗ്രില്‍, ഹൈ-ഡെഫിനിഷന്‍ മാട്രിക്സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്, ഒഎല്‍ഇഡി സാങ്കേതികവിദ്യയോടെ ടെയ്ല്‍ലാംപുകള്‍ എന്നീ സ്മാര്‍ട്ട് ഫീച്ചറുകള്‍ കാണാം.
ബിഎസ് 6 പാലിക്കുന്ന 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഇന്ത്യയില്‍ ഔഡി എ8 എല്‍ സെഡാനിൽ ഒരുങ്ങുന്നത്. ഈ എൻജിൻ 336 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി.
പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വിര്‍ച്വല്‍ കോക്പിറ്റ് എന്നിവ പുതിയ എ8 സെഡാന്റെ സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. പ്രധാനമായും ഷോഫര്‍ ഡ്രൈവ് വാഹനമാണ് ഔഡി എ8. അതുകൊണ്ടുതന്നെ എ8എല്‍ വേരിയന്റിന് പ്രത്യേകിച്ചും ഓപ്ഷണലായി ക്രമീകരിക്കാന്‍ കഴിയുന്ന റിലാക്സേഷന് സീറ്റ് ലഭിക്കും. ഫൂട്ട്റെസ്റ്റ് ഉണ്ടായിരിക്കും. കൂടാതെ പിന് സീറ്റ് യാത്രക്കാരുടെ കാല്‍പ്പാദം തിരുമ്മുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.






