
ചെന്നൈ: മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ മുന്നില്‍ തടിച്ചുകൂടി വിജയ് ആരാധകര്‍. ലൊക്കേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് വിജയുടെ ആരാധകരര്‍ ഇവിടേക്ക് എത്തിയത്. എന്നാല്‍ സംയമനം പാലിക്കണമെന്ന് വിജയ് നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചു.
താരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്ത് വിട്ടതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തര്‍ എത്തിയത്. മാസ്റ്റേഴ്സിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഷൂട്ടിംഗ് അനുവധിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധിക്കുകയായിരുന്നു. ലിഗ്നൈറ്റ് കോര്പ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മാസ്റ്റര്‍ ചിത്രീകരണത്തിനിടെയാണ് വിജയ്യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കൊണ്ടു പോകുന്നത്. ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെയ്ക്കുകയായിരുന്നു.
നെയ്വേലിയില് നിന്നും ചെന്നൈയിലേക്കാണ് വിജയ്യെ കൊണ്ടുപോയത്. തുടര്‍ന്ന് 35 മണിക്കൂറോളം അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലും റെയ്ഡും നടന്നു. എന്നാല്‍ വിജയ്യുടെ പക്കല്‍ നിന്നും അനധികൃത പണം ഒന്നും കണ്ടെത്തിയില്ല.
ഇതിനൊപ്പം തന്നെ വിജയ്യുടെ ദീപാവലി റിലീസ് ആയ ബിഗില്‍ നിര്‍മ്മാതാക്കളുടെ വസതിയും അവരുടെ എജിഎസ് ഗ്രൂപ്പ് സ്ഥാപനങ്ങളും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. തുടര്‍ന്ന് ഫിലിം ഫിനാന്‍സ്യര്‍ അന്പുചെഴിയിന്റെ സ്ഥാപനങ്ങളിലും തിരച്ചില്‍ നടത്തി.
അന്വേഷണത്തില്‍ 300 കോടിയോളം വരുന്ന അനധികൃത സ്വത്ത് തമിഴ് സിനിമാ രംഗത്തുള്ളവര്‍ക്കുണ്ട് എന്നതിന്റെ തെളിവുകള്‍ ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.






