
ഫേസ്ലിഫ്റ്റ് ചെയ്ത മാരുതി സുസുകി വിറ്റാര ബ്രെസ ഓട്ടോ എക്സ്പോയില്‍ അനാവരണം ചെയ്തു. പുതുതായി വിപണിയിലെത്താന്‍ ഒരുങ്ങുന്നത് പെട്രോള്‍ ഹൈബ്രിഡ് വിറ്റാര ബ്രെസയാണ്. വിറ്റാര ബ്രെസ നിലവില്‍ എസ്എച്ച്വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുകി) ലഭിക്കുന്ന ഏറ്റവും പുതിയ മോഡലാണ്.
സബ്കോംപാക്റ്റ് എസ്യുവിക്ക് ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, കെ15 പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 102 ബിഎച്ച്പി കരുത്തും 4,400 ആര്‍പിഎമ്മില്‍ 134 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മറ്റ് മോഡലുകളിലേതുപോലെ, വിറ്റാര ബ്രെസയിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ്. ഓപ്ഷണലായി 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ലഭിക്കും.
പുതിയ വിറ്റാര ബ്രെസയില്‍ ചെറിയ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. പുതിയ ക്രോം ഗ്രില്‍ കൂടാതെ ബുള്‍ബാര്‍, സ്കിഡ് പ്ലേറ്റ് എക്സ്റ്റെന്ഷന് എന്നിവ നല്കി ബംപര്‍ മെച്ചപ്പെടുത്തി. ഹെഡ്ലാംപുകള് നവീകരിച്ചിട്ടുണ്ട്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ലാംപുകള്‍ എന്നിവ നല്കി പരിഷ്കരിച്ചു. പുതിയ 16 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയ്ല്‍ലാംപുകളും നല്കി. 7.0 ഇഞ്ച് 'സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ 2.0' ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. അപ്ഹോള്‍സ്റ്ററി പുതുക്കി.
പുതിയ വിറ്റാര ബ്രെസയില്‍ ഡീസല്‍ എന്ജിന് ലഭിക്കുന്ന കാര്യം വ്യക്തമല്ല. വിപണിയില്‍നിന്ന് ഫിയറ്റില്‍നിന്ന് വാങ്ങിയ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരുന്നു പുറത്തുപോകുന്ന വിറ്റാര ബ്രെസ ഉപയോഗിച്ചിരുന്നത്. ഈയിടെ ഈ മോട്ടോറിന്റെ ഉല്‍പ്പാദനം ഫിയറ്റ് അവസാനിപ്പിച്ചിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് നല്‍കുമോയെന്ന് പിന്നീട് അറിയാം.






