
കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ഇന്റര്‍വ്യൂ ചെയ്ത റേഡിയോ ജോക്കി പുര്‍ഖയ്ക്ക് നേരെ സൈബര്‍ ആക്രമണം. ഇന്റര്‍വ്യൂവിന്റെ ഭാഗമായി എടുത്ത ശശി തരൂരിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പുര്ഖയ്ക്കു നേരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.
തനിക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ച് ആളുകള്‍ തരൂരിനെതിരെ ട്രോളുണ്ടാക്കുന്നുവെന്ന് ഒരു ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതം മറ്റൊരു ആര്‍ജെ തനിക്ക് അയച്ചു തന്നപ്പോഴാണ് കാര്യം മനസ്സിലായതെന്നും അവര്‍ പറഞ്ഞു.
ജെയ്പൂരില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വെച്ചാണ് ശശി തരൂരിനെ പുര്‍ഖ അഭിമുഖം ചെയ്തത്. ശശി തരൂരിനൊപ്പമുള്ള ചിത്രത്തിനു താഴെ പലരും അശ്ലീല കമന്റുകള്‍ ഇടുകയും ചിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തതായി പുര്‍ഖ പറയുന്നു. ഇതേ കുറിച്ച് പുര്‍ഖ കുറിയ്ക്കുന്നത് ഇങ്ങനെയാണ് ; '' ഞാന്‍ ആര്‍ജെ പുര്‍ഖ. 98.3 റേഡിയോ മിര്‍ച്ചിയിലെ അവതാരകയാണ്. അടുത്തിടെ നടന്ന ജെയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ഞാന്‍ ഡോ. ശശി തരൂര്‍ എം.പിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇംഗ്ലീഷ് പദാവലിയില്‍ അതീവ പരിജ്ഞാനമുള്ള തരൂരിന്റെ ഹിന്ദി ഭാഷയിലുള്ള അറിവുകൂടി പരീക്ഷിക്കാന്‍ എനിക്കു കൗതുകം തോന്നി.
എന്നാല്‍ ഇതിനെല്ലാമുപരി അദ്ദേഹം എന്തുമാത്രം ദയാലുവും മഹാനും പ്രൊഫഷണലുമാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ, അദ്ദേഹത്തെ അഭിമുഖം ചെയ്യാന്‍ ലഭിച്ച അവസരത്തില്‍ അഭിമാനിച്ച എന്റെ സന്തോഷം കൂടുതല്‍ നീണ്ടു നിന്നില്ല. അദ്ദേഹവുമൊന്നിച്ചുള്ള വീഡിയോയും ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചതോടെ എനിക്കെതിരെ ചിലര്‍ സൈബര്‍ ആക്രമണം നടത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥും ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസും ഒന്നിച്ചുള്ള ഒരു ചിത്രത്തോടൊപ്പം ഞാനും തരൂരും നില്ക്കുന്ന ചിത്രം വച്ചായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നത്. 'വൈ ഷുഡ് തരൂര്‍ ഹാവ് ഓള് ദ ഫണ്‍'-എന്ന കുറിപ്പോടെയാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്.
ആദ്യമൊന്നും ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് ട്രോളുകള്‍ പരിധി ലംഘിച്ചു. പലരും ലൈംഗിക ചുവയുള്ള കമന്റുകളോടെ ചിത്രം പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ ജോലി ചെയ്തതിനാണ് ഇത്രയധികം ഉപദ്രവിക്കപ്പെട്ടതെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആദ്യമെല്ലാം സ്ത്രീകള്‍ക്കൊപ്പമുള്ള തരൂരിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ തനിക്കും ഇദ്ദേഹത്തെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഈ സംഭവത്തിനു ശേഷം ഇത് തരൂരിനെ മാത്രമല്ല ആ സ്ത്രീയേയും എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് മനസ്സിലായി.
ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് തരൂരിനൊപ്പം നില്‍ക്കുന്നത് ആരാണ് എന്നതില്‍ പ്രസക്തിയില്ല, അവര്‍ക്ക് അതൊരു സ്ത്രീയാണെന്ന ഒറ്റ കാരണം മതി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ബേട്ടി ബച്ചാവോ ബേട്ടി പഠാവോയെക്കുറിച്ചും മീടൂവിനെക്കുറിച്ചുമെല്ലാം സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ തന്നെ സ്ത്രീകള്‍ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരമായി മാറുന്ന അവസ്ഥയാണ് ഇന്നുമുള്ളത്. ചിലപ്പോള്‍ അതൊരു പേരു കൊണ്ടാകാം, അല്ലെങ്കില്‍ സാന്നിദ്ധ്യം കൊണ്ടാകാം. എന്നാല്‍ ഇത്തരം ക്രൂരവിനോദങ്ങളില്‍ തന്നെപ്പോലുള്ള സ്ത്രീകള്‍ തളര്‍ന്നുപോകുമെന്ന് കരുതിയവര്‍ക്കു തെറ്റി. തങ്ങളുടെ കടമകള്‍ തുടര്‍ന്നും നിര്‍വ്വഹിക്കും. നിങ്ങളുടെ വിദ്വേഷങ്ങള്‍ക്കെതിരെ തുടര്‍ന്നും പ്രതികരിക്കും'' - പുര്‍ഖ പറഞ്ഞു.






