
തിരുവനന്തപുരം : തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളില്‍ ആശങ്ക വേണ്ടന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാക്കും. ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ വിയോജിപ്പിന്റെ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ക്ക് അംഗീകാരം നല്കി കൊണ്ട് ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂരേഖകളും ആധാര്‍ നമ്പറും റവന്യു സോഫ്റ്റ് വെയറായ റിലീസില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഭൂമി ഇടപാടുകള്‍ക്ക് സുത്യാര്യത വരികയും തട്ടിപ്പുകള്‍ കുറക്കുകയുമാണ് നടപടിയുടെ പ്രധാനലക്ഷ്യം. വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കര്‍ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികള്‍ക്ക് ആധകര് ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയില്‍ കഴിഞ്ഞ ഭൂമിയുള്ളവര്‍ക്ക് പിടിവീഴും.
എന്നാല്‍ എന്ന് മുതല്‍ നടപടികള്‍ തുടങ്ങും എന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനായുള്ള നടപടികള്‍ നിലവിലെ ഭൂമി രജിസ്ട്രേഷനെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സോഫ്റ്റ് വെയര്‍ പരിഷ്ക്കരിച്ചതിന് ശേഷം ഭൂവുടമകള്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും.






