മലപ്പുറം: തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ച കേസില്‍ ഇന്ന് മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ ക്ഷതമേറ്റതിന്റെയോ ഉള്ളില്‍ വിഷാംശം ചെന്നതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
തിരൂര്‍ കോരങ്ങത്ത് ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ചതോടെയാണ് നാട്ടുകാര്‍ക്കും പോലീസിനും സംശയം തോന്നിയത്. ഇതേതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തറമ്മല്‍ റഫീഖ്-സബ്ന ദമ്പതികളുടെ ആറ് മക്കളാണ് തുടര്‍ച്ചയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ദമ്പതികളുടെ 93 ദിവസം പ്രായമുള്ള ഇളയ കുട്ടി ഇന്ന് പുലര്‍ച്ചെ ആറ് മണിയോട് കൂടിയാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ തന്നെ സംസ്കാരം നടത്തി. പോലീസ് എത്തിയപ്പോഴേയ്ക്ക് സംസ്കാരം കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുവിന്റെ പരാതിയില്‍ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ആറ് കുട്ടികളാണ് ഈ കുടുംബത്തില്‍ മരിച്ചത്. ഒരു കുട്ടി നാലര വയസുള്ളപ്പോള്‍ മരിച്ചു. മറ്റെല്ലാ കുട്ടികളും ഒരു വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്.
കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും വിവിധ ആശുപത്രികളില്‍ പരിശോധിച്ചിട്ടും മരണകാരണം കണ്ടെത്താനയിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്.






