
ബിഎസ് 6 പാലിക്കുന്ന ഫോഡ് ഫിഗോ ഹാച്ച്ബാക്ക്, ആസ്പയര് സബ്കോംപാക്റ്റ് സെഡാന്, ഫ്രീസ്റ്റൈല്‍ ക്രോസ്-ഹാച്ച് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോഡ് ഫിഗോയുടെ വില ആരംഭിക്കുന്നത് 5.39 ലക്ഷം രൂപ മുതലാണ്. ഫോഡ് ഫ്രീസ്റ്റൈലിന് 5.89 ലക്ഷം രൂപ മുതലാണ് വില. ഫോഡ് ആസ്പയറിന് 5.99 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. എല്ലാം ഡെല്‍ഹി എക്സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ലഭിക്കും.
ഫോഡ് ഫിഗോ എട്ട് ട്രിമ്മുകളിലും ഫോഡ് ആസ്പയര്, ഫോഡ് ഫ്രീസ്റ്റൈല്‍ മോഡലുകള്‍ പത്ത് ട്രിമ്മുകളിലും ലഭിക്കും. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേഡ് വാറന്റി മൂന്ന് മോഡലുകള്‍ക്കും ലഭിക്കും. സര്‍വീസ് ഇടവേളകളും പരിഷ്കരിച്ചു. ഇപ്പോള്‍ പതിനായിരം കിലോമീറ്ററാണ്. എല്ലാ ബിഎസ് 6 കാറുകളിലും 'ഫോഡ്പാസ്' കണക്റ്റിവിറ്റി ഫീച്ചര്‍ സ്റ്റാന്‍ഡേഡായി ലഭിക്കും.
നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്കരിച്ചത്.96 എച്ച്പി കരുത്തും 119 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കും. കരുത്തില്‍ മാറ്റമില്ല. എന്നാല്‍ ടോര്‍ക്ക് ഒരു ന്യൂട്ടണ്‍ മീറ്റര്‍ കുറഞ്ഞു. 100 എച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും ഡീസല്‍ എന്ജിന് ഉല്‍പ്പാദിപ്പിക്കും. കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു.






