
മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുതിയ പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തി. പെട്രോള്‍ മാനുവല്‍ പതിപ്പിന് 7.34 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 9.75 ലക്ഷം മുതല്‍ 11.40 ലക്ഷം രൂപ വരെയുമാണ് വില. മാനുവല്‍, ഓട്ടമാറ്റിക്ക് മോഡലുകളിലായി 9 വകഭേദങ്ങളില്‍ വിറ്റാര ബ്രെസ വിപണിയില്‍ എത്തും.
ബ്രെസയുടെ നിലവിലുള്ള ഡീസല്‍ മോഡല്‍ നിര്‍ത്തുകയാണെന്നും ഇനിമുതല്‍ വാഹനത്തിന് പെട്രോള്‍ എന്ജിന് മാത്രമാണ് ഉണ്ടാവുകയെന്നും മാരുതി അറിയിച്ചു. സുസുക്കി കെ15ബി 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് 1.3 ലീറ്റര്‍ ഡീസല്‍ എന്ജിന് പകരം ഇനിമുതല്‍ ബ്രെസയില്‍ എത്തുക.
2020 ഏപ്രില്‍ 1 മുതല്‍ ഡീസല്‍ കാര്‍ വില്പന നിര്‍ത്തുമെന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. ഡീസല്‍ മോഡല്‍ പിന്‍വലിച്ചത് ബ്രെസയുടെ വില്പനയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പെട്രോള്‍ ബ്രെസയ്ക്കും ഉപഭോക്താക്കള്‍ ഏറെ ഉണ്ടാകുമെന്നും മാരുതി അറിയിച്ചു.
മാരുതിയുടെ തന്നെ സിയാസ്, എര്‍ട്ടിഗ, എക്സ്എല്‍ 6 എന്നീ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലീറ്റര്‍ എന്ജിന് തന്നെയാണ് പുതിയ ബ്രെസയിലും. 105 പിഎസ് കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും ഈ എന്ജിന്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സ് മോഡലും 4 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് വകഭേദവും ലഭ്യമാകും.
സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്ക് എന്ന നൂതന സാങ്കേതികവിദ്യ ഓട്ടമാറ്റിക് വകഭേദത്തില്‍ മാത്രമാണ് ഉണ്ടാവുക. മാനുവല്‍ ബ്രെസയ്ക്ക് 17.03 കിമീയും ഹൈബ്രിഡ് ടെക്ക് ഓട്ടമാറ്റിക് വകഭേദത്തിന് 18.06 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.






