
ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് 18 പേരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ ആരോഗ്യ രംഗം സജീവമായി ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സുസജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് ഗോമൂത്ര പാര്‍ട്ടികള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഹിന്ദുമഹാസഭ. ഗോമൂത്രവും ചാണകകേക്കും (ചാണക വറളി) ഉപയോഗിച്ചാല്‍ കൊറോണയെ തടയാന്‍ കഴിയുമെന്നാണ് ഹിന്ദുമഹാ സഭ പ്രസിഡന്റ് ചക്രപാണി മഹാരാജിന്റെ പക്ഷം.
'ചായസല്‍ക്കാരത്തിന്റെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ നടത്താനാണ് പദ്ധതി. പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും. ചാണക വറളി, ചാണക അഗര്‍ബത്തി തുടങ്ങിയവ ഉപയോഗിക്കുന്നവയിലൂടെ വൈറസ് ഇല്ലാതാകും. പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളിലൂടെ എങ്ങനെ കൊറോണയെ തടയാമെന്ന് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.' മഹാരാജ് പറഞ്ഞു. ഹിന്ദുസഭാവാനിലാണ് പരിപാടി ഒരുക്കുക. രാജ്യത്തുടനീളം പരിപാടി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
മൃഗങ്ങളെ കൊല്ലുന്നതുകൊണ്ടാണ് കൊറോണ വ്യാപിക്കുന്നതെന്നും ഇന്ത്യയിലെ ജനങ്ങള്‍ സസ്യഭുക്കുകള്‍ ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ ഈ രോഗം എത്തില്ലായിരുന്നു. ചിക്കന്‍ കഴിക്കുന്നതിലൂടെ കൊറോണ വ്യാപിക്കുമെന്ന തെറ്റിദ്ധാരണ തിരുത്താന്‍ തെലങ്കാന മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ ചിക്കന്‍ കഴിച്ചിരുന്നു. ഇതിന് ശേഷം മൃഗങ്ങള്‍ സഹായത്തിനായി നിലവിളിക്കുകയാണ്. ഈ നിലവിളി കേട്ടാണ് വൈറസ് ഇന്ത്യയിലെത്തിയത്. തെലങ്കാന മന്ത്രിമാര്‍ കൊറോണയോട് മാപ്പു പറയണം' മഹാരാജ് പറഞ്ഞു.






