
ന്യുഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ മറ്റൊരു കേസില്‍ കൂടി കുറ്റക്കാരനെന്ന് പ്രത്യേക കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
2018 ഏപ്രില്‍ 9നാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസ് സ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലണമെന്ന് സെന്‍ഗാറിന് ഉദ്ദേശമുണ്ടായിരിക്കില്ല. പക്ഷേ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്ന് ജില്ല ജഡ്ജ് ധര്‍മ്മേഷ് ശര്‍മ്മ വ്യക്തമാക്കി. കൊലപാതകകുറ്റമാണ് സെന്‍ഗാറിനെതിരെ ചുമത്തിയിരിക്കുന്നത്.
പിതാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും കോടതി കടുത്ത വിമര്‍ശനം നടത്തി. 'കശാപ്പുകാര്‍' എന്നാണ് കോടതി ഇവരെ വിളിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13നാണ് കോടതി സെന്‍ഗാറിനും സഹോദരന് അതുല്‍ സെന്‍ഗാര്‍, മൂന്നു പോലീസുകാര്‍, മറ്റ് അഞ്ചു പേര് എന്നിവര്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തിയത്.
2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസില്‍ സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു.






