
അഭിനയമായാലും ആങ്കറിങ് ആയാലും ബിസിനസായാലും എല്ലാത്തിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞയാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹശേഷം വീട്ടുകാര്യങ്ങളും സ്വന്തം ബിസിനസുമായി താരം അടിപൊളിയായി ജീവിക്കുകയായിരുന്നു. എല്ലാത്തിനും ഒപ്പം കട്ടസപ്പോര്‍ട്ടായി ഭര്‍ത്താവ് ഇന്ദ്രജിത്തും.
ഇപ്പോഴിതാ കേരളത്തിലെ ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡിന് അര്‍ഹയായിരിക്കുകയാണ് പൂര്‍ണിമ. ഫേസ്ബുക്കില്‍ ഭാര്യയെ പ്രശംസിച്ച് താരത്തിന്റെ പോസ്റ്റുമുണ്ട്. പൂര്‍ണിമയുടെ കഠിനാധ്വാനത്തെയും ആത്മാര്‍ഥതയെയും കുറിച്ച് അഭിമാനിക്കുന്നുവെന്നാണ് പോസ്റ്റ്. 'നീ ഇതിന് അര്‍ഹയാണ്' ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
പൂര്‍ണിമയുടെ ഉടമസ്ഥതയിലുള്ള പ്രാണ എന്ന സ്ഥാപനം 2013ലാണ് ആരംഭിക്കുന്നത്. വളരെ വേഗത്തിലായിരുന്നു പ്രാണയുടെ വളര്‍ച്ച. ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ പൂര്‍ണിമ എന്നും മുന്‍പന്തിയിലായിരുന്നു എന്നതാണ് പൂര്‍ണിമയുടെ നേട്ടങ്ങള്‍ക്ക് കാരണം. പ്രളയകാലത്ത് 'സേവ് ദി ലൂം' എന്ന പേരില്‍ ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ രൂപീകരിച്ച കൂട്ടായ്മയും അവാര്‍ഡിന് അര്‍ഹയാകുന്നതിന് കാരണമായി.
കഴിഞ്ഞ വര്‍ഷം റിലീസായ വൈറസ് എന്ന സിനിമയിലൂടെ താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ഈ വര്‍ഷവും താരം ഒരു സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രുതി ഷിബുലാല്‍ (താമര), ഷീല ജയിംസ് (സറീന ബുട്ടീക്) എന്നിവരും പൂര്‍ണിമയ്ക്കൊപ്പം അവാര്‍ഡിന് അര്‍ഹരായി.






