
അമേരിക്കയിലെ മിസിസിപ്പിയിലെ യാസൂ കൗണ്ടിയിലെ ഗ്ലെന്‍വുഡ് സെമിത്തേരിയിലെത്തിയാല് ചങ്ങലകള്‍ ചുറ്റും പൂട്ടിയ നിലയില്‍ ഒരു കല്ലറ കാണാം. ' ദ വിച്ച്സ് ഗ്രേവ് ' എന്ന് പേരുള്ള ഈ കല്ലറ 18-ാം നൂറ്റാണ്ടില്‍ യാസൂവില് ജീവിച്ചിരുന്ന ഒരു മന്ത്രവാദിനിയുടേതാണെന്നാണ് പറയുന്നത്. മറ്റുള്ളവരുടെ കല്ലറകളില്‍ നിന്ന് വ്യത്യസ്തമായി ഈ മന്ത്രവാദിനിയുടെ കല്ലറ മാത്രം ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചതിന് പിന്നിലും ഒരു കഥ പ്രചരിക്കുന്നുണ്ട്.
യാസൂ നദിയുടെ കരയിലായിരുന്നു മന്ത്രവാദിനി താമസിച്ചിരുന്നത്. ഈ നദിയില്‍ മീന്‍ പിടിക്കാന്‍ എത്തുന്ന മീന്‍പിടുത്തക്കാരെ ഉപദ്രവിക്കുന്നത് മന്ത്രവാദിനിയുടെ പ്രധാന വിനോദമായിരുന്നു. ഒരു ദിവസം രണ്ട് പേരുടെ മൃതദേഹങ്ങള്‍ മന്ത്രവാദിനിയുടെ വീട്ടില്‍ കണ്ടു. ഇതോടെ അധികൃതര്‍ ഇവരെ പിടികൂടാന്‍ എത്തി. രക്ഷപെടാന്‍ ശ്രമിച്ച മന്ത്രവാദിനി ഒരു ചതുപ്പിലേക്ക് വീണു. ചതുപ്പില്‍ വീഴുന്നതിനിടെ മന്ത്രവാദി ശപിച്ചു. 20 വര്‍ഷം കഴിയുമ്പോള്‍ മടങ്ങിയെത്തുമെന്നും അന്ന് യാസൂ നഗരത്തെ ചുട്ടെരിക്കുമെന്നുമാണ് മന്ത്രവാദിനി ശപിച്ചത്.
ഇതോടെ മന്ത്രവാദിനിയെ ഗ്ലെന്‍വുഡ് സെമിത്തേരിയില്‍ അടക്കം ചെയ്ത് കല്ലറ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 1904- ല്‍ മന്ത്രവാദിനി പറഞ്ഞത് പോലെ യാസൂ നഗരത്തില്‍ വന്‍ അഗ്നിബാധയുണ്ടായി. യാസൂ നഗരത്തിന്റെ നാലില്‍ മൂന്ന് ഭാഗവും കത്തിനശിച്ചു. 200 വീടുകള്‍ ഉള്‍പ്പെടെ ആകെ 324 കെട്ടിടങ്ങള്‍ കത്തി. രണ്ട് വര്‍ഷമെടുത്താണ് യാസൂ നഗരം വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തിയത്. തീപിടിത്തത്തിന്റെ കാരണം ആര്‍ക്കും കൃത്യമായി അറിയില്ല. എങ്കിലും ഒരു ബാലന് തീയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീടിനു തീപിടിക്കുകയും തൊട്ടടുത്ത കുടിലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നും പറയുന്നുണ്ട്.
എന്നാല്‍ ഇത് മന്ത്രവാദിനിയുടെ ശാപമാണെന്നാണ് ഭൂരിപക്ഷം പേരും വിശ്വസിച്ചിരുന്നത്. ഇതിന് കാരണമായി ഇവര്‍ പറയുന്നത്, അഗ്നി ബാധയുണ്ടായ പിറ്റേ ദിവസം ഗ്ലെന്‍വുഡ് സെമിത്തേരിയിലെത്തിയവര് കണ്ടത് മന്ത്രവാദിനിയുടെ കല്ലറയ്ക്ക് ചുറ്റുമുള്ള ചങ്ങല പൊട്ടിക്കിടക്കുന്നതാണ്. ഉടന്‍ കല്ലറയ്ക്ക് ചുറ്റും ചങ്ങലകള്‍ പുനഃസ്ഥാപിച്ചു. വീണ്ടും ചങ്ങലകള്‍ പൊട്ടുകയാണെങ്കില്‍ യാസൂ നഗരം അഗ്നിക്കിരയാകുമെന്നാണ് അന്നു മുതല്‍ ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.






